ഇരയ്ക്ക് നീതി കിട്ടിയില്ലെന്നും മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നുമാണ് പോലീസിൻ്റെ നിലപാട്. പ്രോസിക്യൂഷനും പോലീസും നൽകിയ പിന്തുണ നീതിപീഠത്തിൽ നിന്ന് ഉണ്ടായില്ലന്നാണ് ഇരയായ കന്യാസ്ത്രീയ്ക്കു വേണ്ടി സമരരംഗത്തിറങ്ങിയ സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. എന്നാൽ കോടതിവിധിയിൽ ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ വരുത്തിയ വീഴ്ചകളാണ് സര്‍ക്കാരിനു തലവേദനയാകുന്നത്. ഇക്കാര്യത്തിൽ തിരുത്തൽ വരുത്താനുള്ള സാധ്യത സംബന്ധിച്ചാണ് നിയമവിദഗ്ധരുമായുള്ള കൂടിയാലോചന. ഇതിനു ശേഷമായിരിക്കും തുടര്‍നടപടികളുമായി മുന്നോട്ടു പോകുന്നത്.
Also Read:
കേസിലെ നടപടികള്‍ മുതിര്‍ന്ന അഭിഭാഷകരുടെ പാനൽ പരിശോധിക്കണമെന്ന് അടുത്ത വൃത്തങ്ങള്‍ കന്യാസ്ത്രീയോടു അഭിപ്രായപ്പെട്ടതായാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട്. പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴികള്‍ ഇരയ്ക്ക് അനുകൂലമാക്കാൻ കഴിഞ്ഞില്ലെന്നും പല മൊഴികളും പ്രതിഭാഗത്തിന് അനുകൂലമായെന്നുമാണ് വിലയിരുത്തൽ. കൂടാതെ കന്യാസ്ത്രീ ഉപയോഗിച്ച മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ സൈബര്‍ തെളിവുകള്‍ കണ്ടെത്തി ഹാജരാക്കാനും പോലീസിനു കഴിഞ്ഞിരുന്നില്ല. സിം കാര്‍ഡ് അടക്കം ഫോൺ ആക്രി വ്യാപാരിയ്ക്ക് കൊടുത്തെന്നായിരുന്നു പോലീസ് കോടതിയിൽ അറിയിച്ചത്. മൊബൈൽ കമ്പനികള്‍ വഴി സൈബര്‍ തെളിവുകള്‍ ലഭ്യമാക്കാനും കഴിഞ്ഞില്ല. ലാപ്ടോപ്പിൻ്റെ ഹാര്‍ഡ് ഡിസ്ക് തകരാറിലായ അവസ്ഥയിലാണെന്നാണ് പോലീസ് അറിയിച്ചത്. ഇത്തരത്തിൽ തെളിവുകളുടെ അഭാവം പ്രതിഭാഗത്തിന് അനുകൂലമാകുകയായിരുന്നു.
Also Read:
കൂടാതെ ഇരയുടെ മൊഴിയിലെ പൊരുത്തക്കേടുകള്‍, ആശുപത്രി രേഖകളിലെ ഭിന്നത തുടങ്ങിയവയും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സഭയിലെ മേലധികാരികള്‍ക്ക് കന്യാസ്ത്രീ നൽകിയ പരാതികളിൽ ലൈംഗികപീഡന പരാമര്‍ശം ഇര നടത്തിയിരുന്നില്ലെന്നും കോടതി കണ്ടെത്തി. മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവര്‍ കേസിലെ സാക്ഷികളാണ്.
അതേസമയം, കേസുമായി മുന്നോട്ടു പോകാനാണ് ഇരയായ കന്യാസ്ത്രീയുടെ തീരുമാനവും. കന്യാസ്ത്രീയ്ക്ക് നിയമസഹായം ഉറപ്പു നൽകുമെന്ന് സേവ് ഔവര്‍ സിസ്റ്റേഴ്സ് ഫോറവും വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടത്. ഇതാദ്യമായാണ് ഇന്ത്യയിൽ ഒരു മെത്രാൻ പീഡനക്കേസിൽ വിചാരണ നേരിടേണ്ടി വരുന്നത്.