കോട്ടയം > കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതവിട്ട കോട്ടയം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ തയ്യാറെടുക്കുന്നു. കന്യാസ്ത്രീയ്ക്ക് സ്വാഭാവിക നീതി ലഭിച്ചില്ലന്നാണ് പ്രോസിക്യൂഷന്റെയും പൊലീസിന്റെയും വിലയിരുത്തൽ. വിചാരണയിൽ പ്രോസിക്യൂഷൻ ഉയർത്തിയ വാദങ്ങളും സാക്ഷിമൊഴികളും ഹാജരാക്കിയ തെളിവുകളും കോടതി പരിഗണിച്ചില്ല.
വിധിയുടെ 70–-ാം ഖണ്ഡികയിൽ ബിഷപ് അധികാരിയായി കോടതി അംഗീകരിച്ചിട്ടുണ്ട്. വിശ്വാസത്തിൽ അധിഷ്ഠിതമായ അധികാരത്തിൽ കന്യാസ്ത്രീ അടിമയും ബിഷപ് ഉടമയുമാണ്. ഈ വസ്തുത കോടതി അംഗീകരിച്ചില്ല. സാക്ഷിപറഞ്ഞ കന്യാസ്ത്രീകളുടെ മൊഴി വിശ്വാസത്തിലെടുത്തില്ല.
അതിജീവിതയായ കന്യാസ്ത്രീയുടെ സാമൂഹിക പശ്ചാത്തലം വിലമതിച്ചില്ല. പരാതിയിൽ ബലാത്സംഗം, ലൈംഗികാതിക്രമം, തുടങ്ങിയ വാക്കുകളുടെ പ്രയോഗം പൊതുവായ ഭാഷയിൽ പരസ്പരം മാറിമാറി ഉപയോഗിക്കുന്നതാണ്. ബലാത്സംഗം വ്യക്തമാക്കി പറഞ്ഞില്ലെന്നത് അറിവില്ലായ്മയാണ്. അത് ഒഴിവാക്കലായി കാണാനാകില്ലെന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തൽ.
പരമോന്നത അധികാരിയെ ചെറുക്കാനോ പരാതിപ്പെടാനോ കാലതാമസം വരുന്നത് സ്വാഭാവികമാണ്. കാറിൽ യാത്രചെയ്യുന്നതോ ചടങ്ങിൽ പങ്കെടുക്കുന്നതോ സമ്മതമായി കാണാനാകില്ല. ഇരയുടെ ദൗർഭാഗ്യമാണ്. അന്വേഷണ – ഉദ്യോഗസ്ഥന്റെ പേരിൽ തെറ്റ് കണ്ടെത്തുന്നതിന് അടിസ്ഥാനമില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി അപ്പീൽ പോകാനാണ് പ്രോസിക്യൂഷൻ തയ്യാറെടുക്കുന്നത്.
പരാമർശങ്ങൾ സ്ത്രീവിരുദ്ധം
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടെ വിധിയിൽ നിരവധി സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഉണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു. വിധി സമൂഹത്തിന് നല്ല സന്ദേശമല്ല നൽകുന്നത്. ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകളെ ആക്ഷേപിക്കുംവിധം വിധിന്യായങ്ങൾ വരുന്നത് നീതിയല്ല.
ഗൗണിന്റെ മുകളിലൂടെ പെൺകുട്ടിയുടെ ശരീരത്തിൽ തൊട്ടാൽ ലൈംഗിക അതിക്രമമല്ലെന്ന് വിധിച്ച ജഡ്ജിയെ സുപ്രീം കോടതി ഇടപെട്ട് തരംതാഴ്ത്തുകയും വിധി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. അധികാരം ഉപയോഗിച്ചാണ് കന്യാസ്ത്രീയെ അടിമപ്പെടുത്തിയത്. ബലാത്സംഗക്കേസിൽ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ സമ്മതമാണോ എന്ന് പ്രതിയോട് ചോദിച്ച ന്യായാധിപനും നമുക്കുണ്ട്.
അതിജീവിതയെ അപമാനിക്കുകയും പ്രതിയെ മഹത്വവൽക്കരിക്കുകയും ചെയ്യുന്ന വിധികൾ പരിഷ്കൃത നിയമവ്യവസ്ഥ്ക്ക് യോജിച്ചതല്ല. ശിക്ഷിക്കപ്പെടാൻ മാത്രം തെളിവുകൾ ഇല്ലെങ്കിൽ പ്രതി കുറ്റം ചെയ്തിട്ടില്ലെന്ന് അർഥമില്ല. വിചാരണകോടതിയുടെ വിധി ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടും – ജോമോൻ പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തേടി
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തതെന്ന കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട വിചാരണകോടതി വിധിക്കെതിരെ അപ്പീൽ സാധ്യത പരിശോധിക്കാൻ ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തേടി. കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ജിതേഷ് ജെ ബാബുവിനോടാണ് എസ്പി ഡി ശിൽപ്പ റിപ്പോർട്ട് ആവശ്യപ്പെട്ടത്. സർക്കാരിലേക്ക് അയക്കുന്ന റിപ്പോർട്ട് നിയമവിദഗ്ധരുമായി ചർച്ച നടത്തി അന്തിമ തീരുമാനം കൈ ക്കൊള്ളും.