തിരുവനന്തപുരം > സംസ്ഥാനത്ത് നേരത്തേ തീരുമാനിച്ച എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികളിൽ മാറ്റമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഓൺലൈൻ ക്ലാസുകളുടെ സമയം പുനഃക്രമീകരിക്കും. സിലബസ് പ്രകാരമുള്ള എസ്എസ്എൽസി പാഠഭാഗങ്ങൾ ഫെബ്രുവരി ആദ്യവാരവും പ്ലസ്ടുവിന്റേത് അവസാന വാരവും പൂർത്തിയാക്കും. ഫോക്കസ് ഏരിയ നിശ്ചയിച്ച് നൽകിയിട്ടുണ്ട്.
സ്കൂളിൽ എത്തുന്ന വിദ്യാർഥികൾക്ക് പ്രത്യേക സുരക്ഷാ സംവിധാനം ഒരുക്കും. ആരോഗ്യ വകുപ്പുമായി സഹകരിച്ച് സ്കൂളുകളിൽ വാക്സിൻ നൽകാനുള്ള ക്രമീകരണം ഏർപ്പെടുത്തും. കണക്കുകൾ സ്കൂൾ തലത്തിൽ സൂക്ഷിക്കാൻ കൈറ്റ് വിക്ടഴ്സ് പുതിയ പോർട്ടൽ ആരംഭിക്കും.
വിദ്യാർഥികളിൽ കോവിഡ് വ്യാപനമില്ല
വിദ്യാർഥികളിൽ കാര്യമായ കോവിഡ് വ്യാപനം ഇല്ല. രണ്ടാഴ്ചത്തേക്ക് സ്കൂളുകൾ അടയ്ക്കുന്നത് മുൻകരുതലായാണ്. സിബിഎസ്ഇ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. കുട്ടികളുടെ സുരക്ഷയ്ക്കാണ് പ്രധാന്യം. തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത യോഗം ചേർന്ന് പുതുക്കിയ മാർഗരേഖ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.