തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ കോടതികൾ ഓൺലൈനായി പ്രവർത്തിക്കും. ഇതു സംബന്ധിച്ച് ഹൈക്കോടതി സർക്കുലർ പുറപ്പെടുവിച്ചു. ഒഴിവാക്കാനാകാത്ത കേസുകളിൽ മാത്രമായിരിക്കും നേരിട്ട് വാദം കേൾക്കുക. കോടതി മുറികളിൽ 15 പേർക്ക് മാത്രമാണ് പ്രവേശനം. കോടതി മുറികളിൽ പൊതു ജനങ്ങൾ പ്രവേശിക്കുന്നത് നിയന്ത്രിക്കും.
കൊവിഡ് വ്യാപന നിരക്ക് ഉയർന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചു.
വിവാഹ/ മരണാനന്തര ചടങ്ങുകളിൽ പരമാവധി 50 പേർക്ക് പങ്കെടുക്കാം. എല്ലാ പൊതു ചടങ്ങുകളും സാമൂഹിക ഒത്തുചേരലുകളും സംഘാടകർ ഉടനടി റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.
ജില്ലയിലെ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ ആയി നടത്തണം. മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും ജനത്തിരക്ക് അനുവദിക്കില്ല. വ്യാപാരസ്ഥാപനങ്ങളിൽ 25 സ്ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ നിശ്ചയിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് സ്ഥാപനങ്ങൾ അടച്ചിടണമെന്നും വിവരം പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർമാർ ബന്ധപ്പെട്ട പ്രദേശത്തെ മെഡിക്കൽ ഓഫീസറെ അറിയിക്കണം.
അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 16 മുതല്‍ 31 വരെ കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി അറിയിച്ചു. മറ്റു പരിപാടികള്‍ കൊവിഡ് വ്യവസ്ഥകള്‍ പാലിച്ചു മാത്രമേ നടത്താവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു. ജനുവരി 17ന് 5 സര്‍വകലാശാലകളിലേക്കു നടത്താനിരുന്ന യുഡിഎഫ് മാര്‍ച്ചും മാറ്റിവച്ചിട്ടുണ്ട്.” കെപിസിസി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.