ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിൽ റാലികൾക്കും റോഡ് ഷോകൾക്കുമുള്ള നിരോധനം ജനുവരി 22 വരെ നീട്ടി. കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനരേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
നേരത്തെ ജനുവരി 15 വരെയാണ് നിരോധനം പ്രഖ്യാപിച്ചിരുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായുള്ള കൂടിയാലോചനകൾക്ക്ശേഷമാണിത്.
300 പേർക്കോ അതിൽ കുറവോ ആളുകൾക്ക് ഇരിക്കാവുന്ന കെട്ടിടങ്ങളിൽ പകുതി ആളുകളെയോ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികൾ അനുമതി നൽകുന്നത്ര ആളുകളെയോ പങ്കെടുപ്പിച്ച് പരിപാടികൾ നടത്താം. ഇത്തരം പരിപാടികളിൽ പ്രവർത്തകർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും മാസ്ക് ധരിക്കുന്നുണ്ടെന്നും പാർട്ടികൾ ഉറപ്പുവരുത്തണം.
ഉത്തർപ്രദേശ് ഉൾപ്പടെ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ തിയ്യതികൾ ജനുവരി 8 നാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരി പത്തുമുതൽ ഏഴു ഘട്ടങ്ങളായി യു.പിയിലെ വോട്ടെടുപ്പ് നടക്കും. പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും ഫെബ്രുവരി പതിനാലിന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കും. മണിപ്പൂരിലെ വോട്ടെടുപ്പ് ഫെബ്രുവരി 27, മാർച്ച് മൂന്ന് തീയതികളിൽ രണ്ടു ഘട്ടമായി നടത്തും. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.
Content Highlights: Ban On Political Rallies Amid Pandemic Extended Till January 22