തൃക്കാക്കര> തൃക്കാക്കര നഗരസഭയില്‍ ശനിയാഴ്ച കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ പ്രതിഷേധം. പി ടി തോമസ് എംഎല്‍എയുടെ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ പൂക്കള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കൗണ്‍സില്‍ ഹാളില്‍നിന്ന് മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപോകാന്‍ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് പറഞ്ഞതും പ്രതിഷേധത്തിന് ഇടയാക്കി. പ്രതിഷേധത്തെത്തുടര്‍ന്ന് കൗണ്‍സില്‍ ചേരാനായില്ല. പ്രതിഷേധ സൂചകമായി പൂക്കള്‍ കൈയില്‍ പിടിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തിനെത്തിയത്. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കിടെ നാലുലക്ഷം രൂപയുടെ ബില്ല് ഭരണസമിതി പാസാക്കി.
പി ടി തോമസിന്റെ മൃതദേഹം തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചതുമായി ബന്ധപ്പെട്ട് പൂവ് വാങ്ങിയത്, അലങ്കാരം, മൈക്ക് സെറ്റ് ഉള്‍പ്പെടെ 4,03,790 രൂപയാണ് ചെലവഴിച്ചത്. അടയന്തിരഘട്ടങ്ങളില് മുനിസിപ്പാലിറ്റികള്‍ക്ക് 25,000 രൂപയാണ് ചെലവഴിക്കാനാണ് അനുമതിയൊള്ളൂ. കമ്മ്യൂണിറ്റി ഹാളും മൃതദേഹം വെച്ച മേശയും അലങ്കരിക്കാന്‍ 1,27,000 രൂപയുടെ പൂക്കള്‍ വാങ്ങിയെന്നാണ് കണക്ക്. ഭക്ഷണത്തിനായി 36,000 ചെലവഴിച്ചു. പൂക്കള്‍ ഉപയോഗിക്കരുതെന്നും ഒരിലപോലും പറിക്കരുതെന്നും അന്ത്യാഭിലാഷത്തില്‍ പറഞ്ഞിരുന്ന പി ടി തോമസിനെ അപമാനിക്കുന്ന നടപടിയാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു.