മലയാള സിനിമകളിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ചെയ്തയാളാണ് പി.എം.ലാലി. ‘കുമ്പളങ്ങി നൈറ്റ്‌സ്, ഫോറൻസിക്, വരനെ ആവശ്യമുണ്ട്’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ച പി.എം. ലാലി സാമൂഹിക പ്രശ്‌നങ്ങളിലെ സ്വന്തം നിലപാട് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. മുസ്ലീം സ്ത്രീകളെ ലേലം ചെയ്യുന്ന ബുള്ളിബായ് ആപ്പിനെതിരെ നടന്ന വാർത്താസമ്മേളനം പ്രമുഖ മാധ്യമങ്ങൾ അവഗണിച്ചത് ചൂണ്ടിക്കാട്ടി ജനുവരി അഞ്ചിന് ലാലി ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു.
”മുസ്ലീം സ്ത്രീകളുടെ ഗതികേടാണ് ഗതികേട്. അവരുടെ വസ്ത്രധാരണത്തെ പറ്റി തീയറികളുണ്ടാക്കാം. അവരുടെ ഫോട്ടോ നെറ്റിൽ നിന്നും തപ്പിയെടുത്ത്, മുസ്ലീം സ്ത്രീകൾ വിൽപനക്ക് എന്ന ആപ്പ് ഒക്കെയുണ്ടാക്കി അപ് ലോഡ് ചെയ്യാം. ആരും ചോദിക്കാൻ വരില്ല. ആരെങ്കിലുമൊക്കെ ഒന്ന് പ്രതികരിച്ചാൽ അതൊന്ന് കവർ ചെയ്യാനോ വാർത്തയാക്കാനോ ഒരു മാധ്യമങ്ങളും തയ്യാറുമാവില്ല. കഴിഞ്ഞ ദിവസം പെൺകുട്ടികൾ നടത്തിയ പത്രസമ്മേളനം വാർത്തയാക്കിയത് ‘മാധ്യമം’, മീഡിയവൺ, മക്തൂബ്, ഡൂൾ ന്യൂസ് എന്നിവർ മാത്രമാണ്. സോഷ്യൽ മീഡിയക്കും അതൊന്നും വലിയ കാര്യമല്ല എന്ന് തോന്നുന്നു. എല്ലാവർക്കും മുസ്ലിം സ്ത്രീകളുടെ ഉടമസ്ഥരാകാനാണ് താൽപര്യം.”
ലാലിയുടെ മറ്റു പോസ്റ്റുകളെ പോലെ ഈ പോസ്റ്റും നിരവധി പേർ പങ്കുവെച്ചു. ചിലർ പോസ്റ്റിലെ ടെക്‌സ്റ്റ് കോപ്പി ചെയ്ത് വാട്ട്‌സാപ്പിലും ഇട്ടു. പക്ഷേ, ജനുവരി എട്ടിന് ഇറങ്ങിയ മാധ്യമം പത്രത്തിൽ ജാവീദ് എന്ന യുവാവിന് എതിരെ കണ്ണൂർ ശ്രീകണ്ഠാപുരം പൊലീസ് ഐ.പി.സി 153ാം വകുപ്പ് പ്രകാരം കേസ് എടുത്തു എന്ന ഒരു വാർത്തയുണ്ടായിരുന്നു. കലാപം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകോപനം ഉണ്ടാക്കുന്നവരെ ശിക്ഷിക്കാമെന്നാണ് ഐ.പി.സി 153ാം വകുപ്പ് പറയുന്നത്.
പ്രകോപനം മൂലം കലാപം നടന്നാൽ ഒരു വർഷം വരെ തടവ് ശിക്ഷവിധിക്കാം. കലാപമുണ്ടായില്ലെങ്കിൽ ആറു മാസം വരെ തടവ് ശിക്ഷ വിധിക്കാമെന്നും വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. പിഴയും അടക്കേണ്ടി വരും.
”ജനുവരി പതിനാന്നിന് ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിവന്നപ്പോഴാണ് ഞാനാണ് ആ ജാവീദ് എന്ന് മനസിലായത്.”–ശ്രീകണ്ഠാപുരം സ്വദേശിയായ ഇ.പി ജാവിദ് സമയം മലയാളം പ്ലസിനോട് പറഞ്ഞു. സ്‌റ്റേഷനിൽ ഹാജരാവാനായിരുന്നു നിർദേശം. പി.എം ലാലിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു എന്നതാണ് കുറ്റമെന്നാണ് പൊലീസ് അറിയിച്ചത്. കേസിൽ അറസ്റ്റ് ചെയ്ത ജാവീദിനെ രണ്ട് പേരുടെ ജാമ്യത്തിലാണ് പൊലീസ് വിട്ടയച്ചത്. പോലീസ് ഫോൺ പിടിച്ചെടുത്ത് പരിശോധിക്കുകയും ചെയ്തു.
”ഞാൻ ശ്രീകണ്ഠാപുരം നഗരവിശേഷങ്ങൾ’ എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പിൽ വർഷങ്ങളായി ഉണ്ട്. അപൂർവ്വമായി മാത്രമാണ് പോസ്റ്റുകൾ ചെയ്യാറ്. പി.എം. ലാലിയുടെ പോസ്റ്റാണ് കേസിന് ആസ്പദമെന്ന് പൊലീസ് പറഞ്ഞു. ലാലിയുടെ പോസ്റ്റ് ഞാൻ ഷെയർ ചെയ്തിരുന്നോ എന്നു പോലും ഓർമയില്ല. ഇനി ഷെയർ ചെയ്തിട്ടുണ്ടെങ്കിൽ കൂടി പൊലീസ് പറയുന്ന കുറ്റം അതിൽ അടങ്ങിയിട്ടില്ല.”–ജാവീദ് നിലപാട് വ്യക്തമാക്കി.
എഫ്.ഐ.ആറിൽ പൊലീസ് പറയുന്നത്
”ഇന്ന് 06.01.2022 തീയ്യതി വാദിയും പാർട്ടിയും സ്റ്റേഷൻ പരിധിയിൽ എൽ-ഒ പട്രോളിങ് ഡ്യൂട്ടിയും വാഹനപരിശോധനയും നടത്തി വരവെ 19.00 മണിക്ക് ശ്രീകണ്ഠാപുരം അംശം ശ്രീകണ്ഠാപുരം എന്ന സ്ഥലത്ത് എത്തിയപ്പോൾ ‘ശ്രീകണ്ഠാപുരം നഗരവിശേഷങ്ങൾ’ എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പിൽ സ്ഥലത്ത് ക്രമസമാധാന പ്രശ്‌നവും ലഹളയും അസ്വാരസ്യവും സൃഷ്ടിക്കത്ത മെസ്സേജുകൾ പ്രചരിക്കുന്നതായ വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിൽ ഞാൻ മേൽ ഗ്രൂപ്പിൽപ്പെട്ട ഒരു വിശ്വസ്ത വ്യക്തിയുടെ മൊബൈൽഫോണിൽ ടിയാന്റെ സമ്മതപ്രകാരം പ്രസ്തുത ഗ്രൂപ്പിന്റെ പേജുകൾ പരിശോധിച്ചതിൽ, ജാവീദ് ഇ.പി എന്ന പേരിൽ ********* എന്ന നമ്പറിൽ നിന്നും നാട്ടിൽ ക്രമസമാധാന പ്രശ്‌നവും ലഹളയും സൃഷ്ടിക്കുക എന്ന പ്രകോപനപരമായ ഉദ്ദേശ്യത്തോടെയും കരുതലോടെയും മെസേജ് ഫോർവേർഡ് ചെയ്തതായി കണ്ട് ടി മൊബൈൽ നമ്പറുകാരനെതിരെ ഇക്കാര്യത്തിന് ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്യുന്നു.”
നിയമസഹായത്തിനും കേസ്
സമാനമായ കേസുകളിൽ പ്രതിചേർക്കപ്പെടുന്നവർക്ക് നിയമസഹായം നൽകുമെന്ന വെൽഫെയർ പാർട്ടിയുടെ പ്രഖ്യാപനം ഷെയർ ചെയ്തതിനാണ് മലപ്പുറം സ്വദേശിയായ മാലിക്ക് വീട്ടിക്കുന്നിന് (മുഹമ്മദ് അലി) എതിരെ കരുവാരക്കുണ്ട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
”സാമൂഹ്യമാധ്യമങ്ങളിൽ ആർ.എസ്.എസ്സിനെതിരെ പോസ്റ്റിടുന്നതിന്റെ പേരിൽ പൊലീസ് നിങ്ങളെ വേട്ടയാടുന്നുണ്ടോ ? വെൽഫെയർ പാർടി ലീഗൽ സെൽ നിയമസഹായം നൽകും. സഹായത്തിന് വിളിക്കാം ******”–എന്നാണ് വെൽഫെയർ പാർട്ടിയുടെ പോസ്റ്റർ പറയുന്നത്.
ഐ.പി.സി 153ാം വകുപ്പും കേരളാ പൊലീസ് ആക്ടിലെ കേരള പൊലീസ് ആക്ടിലെ 120(0) വകുപ്പും പ്രകാരമാണ് മാലിക്കിനെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ തൃശൂരിൽ ജോലിയെടുക്കുന്ന മാലിക് ഇതുവരെ പൊലീസ് സ്റ്റേഷനിൽ ഹാജരായിട്ടില്ല.
കേരളാ പൊലീസ് ആക്ടിലെ 120(0) വകുപ്പ് പറയുന്നത്
ഏതെങ്കിലും ആശയവിനിമയ മാർഗത്തിലൂടെ ആരെയെങ്കിലും അനാവശ്യമായി ഫോൺ വിളിക്കുകയോ കത്ത് അയക്കുകയോ സന്ദേശങ്ങൾ അയക്കുകയോ ചെയ്ത് ശല്യപ്പെടുത്തുന്നവരെ നേരിടാനാണ് ഈ വകുപ്പ് കൊണ്ടുവന്നിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെടുകയാണെങ്കിൽ ഒരു വർഷം വരെ തടവ് ശിക്ഷയും 5000 രൂപ വരെ പിഴയും ലഭിക്കാവുന്ന വകുപ്പാണിത്.
കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിൽ നിന്ന് സി.പി.ഒ ഉല്ലാസ് എന്നയാളാണ് തന്നെ ആദ്യം വിളിച്ചതെന്ന് മാലിക് സമയം മലയാളം പ്ലസിനോട് പറഞ്ഞു. ”നാലാം തീയ്യതിയാണ് വെൽഫെയർ പാർട്ടിയുടെ പോസ്റ്റ് ഷെയർ ചെയ്തിരുന്നത്. സ്‌റ്റേഷനിൽ വരണമെന്നാണ് അവര് ആവശ്യപ്പെട്ടത്. ജോലി ആവശ്യത്തിന് തൃശൂരായതിനാൽ ഇതുവരെ സ്‌റ്റേഷനിൽ പോയിട്ടില്ല. വെൽഫെയർ പാർട്ടിയുടെ പോസ്റ്റാണ് കേസിന് കാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.”–മാലിക്ക് പറയുന്നു.
മാലിക്കിനെതിരായ പൊലീസ് ആരോപണം
”04.012022 തീയ്യതി പ്രതി സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോട് കൂടി മനപൂർവ്വമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശം തന്റെ ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തതായി വാദിയാൽ കാണപ്പെട്ടുന്ന എന്നും മറ്റും.”
എം.കെ അബ്ദുൽ നാസർ എന്നയാളുടെ പരാതിയിൽ ജനുവരി ഏഴിന് വൈകീട്ട് 4.04നാണ് കരുവാരക്കുണ്ട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഉസ്മാന്റെ ജയിൽവാസം
ആലപ്പുഴയിലെ രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് സംഘപരിവാർ നടത്താനിരുന്ന പ്രതിഷേധ പരിപാടി അക്രമാസക്തമായേക്കാമെന്ന മാധ്യമവാർത്തകളെ കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ഉസ്മാൻ ഹമീദ് എന്ന യുവാവിനെതിരെ ഐ.പി.സി 153എ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. കേസിൽ അറസ്റ്റിലായ ഉസ്മാൻ ഇപ്പോഴും ജയിലിൽ ആണ്.
ഐ.പി.സി 153എ വകുപ്പ് പറയുന്നത്
മതം, വംശം, ജനനസ്ഥലം, ഭാഷ, ജാതി, സമുദായം, മുതലായവ കാരണമായി വ്യത്യസ്ഥ വിഭാഗങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കാൻ ശ്രമിക്കുകയും സൗഹാർദ്ധ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഈ വകുപ്പ് പറയുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ മൂന്നുവർഷം വരെ തടവ്ശിക്ഷയും പിഴയും വിധിക്കാൻ കോടതികൾക്ക് കഴിയും. മതപരമായി പ്രാധാന്യമുള്ള സ്ഥലങ്ങളിൽ ഇത്തരം കുറ്റങ്ങൾ ചെയ്താൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ വിധിക്കാം.
ഒരു ‘വെല്ലുവിളിയും മറുപടിയും’ അഞ്ച് കേസുകളും
ആലപ്പുഴയിൽ ബി.ജെ.പി നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ കസ്റ്റഡിയിൽ എടുത്ത എസ്.ഡി.പി.ഐ പ്രവർത്തകരെ കൊണ്ട് പൊലീസ് ‘ജയ്ശ്രീരാം’ മുദ്രാവാക്യം വിളിപ്പിച്ചെന്ന് എസ്.ഡി.പി.ഐ നേതൃത്വം ആരോപിച്ചിരുന്നു. ഇതിനെതിരെ എ.ഡി.ജി.പി വിജയ് സാഖറെ രംഗത്തെത്തുകയും ചെയ്തു. ‘ജയ്ശ്രീരാം’ വിളിപ്പിച്ചെന്ന് തെളിയിച്ചാൽ രാജിവെക്കുമെന്നാണ് എ.ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞത്. ആ വാർത്തയുടെ സ്‌ക്രീൻഷോട്ടിനൊപ്പം 2021 ഡിസംബർ 22ന് പോസ്റ്റ് ചെയ്ത കമന്റാണ് പോപുലർ ഫ്രണ്ട് സ്റ്റേറ്റ് സെക്രട്ടറി സി.എ റൗഫിന് എതിരെ ഐ.പി.സി 153ാം വകുപ്പ് പ്രകാരം കേസ് റജിസ്റ്റർ ചെയ്യാൻ കാരണമായത്.
സി.എ റൗഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്
”വെല്ലുവിളിയാണോ പുതിയ ട്രെൻഡ് ?എങ്കിൽ എസ്.ഡി.പി.ഐ പ്രവർത്തകനെ കസ്റ്റഡിയിൽ എടുത്തു ആദ്യം കൊണ്ടുപോയ സ്‌റ്റേഷനിലെയും പിന്നീട് കൊണ്ടുപോയ പൊലീസ് ക്യാമ്പിലെയും ദൃശ്യങ്ങൾ പുറത്തുവിടാൻ ഞാനും വെല്ലുവിളിക്കുന്നു.”
ഈ പോസ്റ്റിനെ തുടർന്ന് തനിക്കെതിരെ അഞ്ച് കേസുകളാണ് വിവിധ സ്‌റ്റേഷനുകളിൽ റജിസ്റ്റർ ചെയ്തതെന്ന് സി.എ റൗഫ് സമയം മലയാളം പ്ലസിനോട് പറഞ്ഞു. ”ആലുവയിലും പട്ടാമ്പിയിലും ഐ.പി.സി 153ാം വകുപ്പ് പ്രകാരം കേസുണ്ട്. മറ്റു മൂന്നു സ്റ്റേഷനുകളിലും കേസുണ്ടെന്നാണ് അറിയുന്നത്. പക്ഷെ, വിവരങ്ങൾ ലഭ്യമല്ല. ആർ.എസ്.എസ് നടത്തുന്ന വർഗീയ-വിദ്വേഷ പ്രചരണങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നുണ്ട്. ഇത് ആർ.എസ്.എസിന്റെ തനിസ്വഭാവം പുറം ലോകം അറിയാൻ കാരണമായിട്ടുണ്ട്. അതിനെ തടയാനാണ് പൊലീസ് വ്യാപകമായി കേസ് റജിസ്റ്റർ ചെയ്യുന്നത്. സംഘപരിവാരിന്റെ വർഗീയ സ്വഭാവത്തെ കുറിച്ച് നിരന്തരമായി ശബ്ദമുയർത്തുന്നവരുടെ സോഷ്യൽ മീഡിയ ഐ.ഡികൾ നിരീക്ഷിച്ചാണ് പൊലീസ് ഇത് ചെയ്യുന്നത്. കേസുകളിൽ കുടുക്കി ആളുകളെ നിശബ്ദരാക്കാനാണ് അവർ ശ്രമിക്കുന്നത്. കേസെടുക്കുമ്പോൾ തന്നെ പൊലീസ് വിവരം മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നത് ഇതിന് തെളിവാണ്”–സി.എ റൗഫ് ആരോപിച്ചു.
പ്രസംഗം കുറ്റമല്ല, ഷെയർ ചെയ്യുന്നത് കുറ്റമാണ്
സംഘപരിവാർ നേതാവ് വൽസൻ തില്ലങ്കേരിയുടെ പ്രസംഗം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതിന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.എം മുഹമ്മദ് റിഫക്കെതിരെ കണ്ണൂരിലെ മാലൂർ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഐ.പി.സിയിലെ 153ാം വകുപ്പ് പ്രകാരം ഡിസംബർ 25നാണ് കേസ് റജിസ്റ്റർ ചെയ്തത്. കേസിൽ മുഹമ്മദ് റിഫ ഇതുവരെ പൊലീസിന് മുന്നിൽ ഹാജരായിട്ടില്ല. വർഗീയ പ്രസംഗം ചൂണ്ടിക്കാട്ടിയതിന് പൊലീസ് തനിക്കെതിരെ കള്ളക്കേസ് എടുത്തുവെന്നാണ് റിഫയുടെ നിലപാട്.
റിഫക്കെതിരായ പൊലീസ് ആരോപണം
”20.12-2021 തീയ്യതി 13.13 മണിക്ക് ഒരു പ്രശ്‌നവും ഇല്ലാതിരുന്ന ആലപ്പുഴയിൽ ഞങ്ങളുെ പ്രിയ നേതൃത്വത്തെ കൊല്ലാൻ സംഘപരിവാർ തീവ്രവാദികൾ ഇറങ്ങിത്തിരിച്ചത് ഈ തീവ്രവാദിയുടെ പ്രസംഗം കേട്ടിട്ടാണ്. ഷാൻ സാഹിബിന്റെ കൊലപാതകത്തിൽ വൽസൻ തില്ലങ്കേരിയെന്ന തീവ്രവാദിയെ പ്രതിചേർക്കാൻ പൊലീസ് തയ്യാറാവണം എന്ന് ഫേസ്ബുക്കിലൂടെ പ്രകോപനപരമായ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി മനപൂർവ്വം പോസ്റ്റ് ചെയ്തു എന്നും മറ്റും. ”
60ൽ അധികം കേസുകൾ
ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരിൽ സംസ്ഥാനത്ത് 60ൽ അധികം പേർക്കെതിരെ പൊലീസ് കേസെടുത്തതായാണ് വിവരം. ഇതിൽ പലരും പോസ്റ്റുകൾ ഷെയർ ചെയ്തവർ മാത്രമാണ്.
ഉസ്മാൻ ഹമീദ്, ഇർഷാദ് മൊറയൂർ, റഫീഖ് അരീക്കോട്, മൻസൂർ മണ്ണാർക്കാട്, നവാസ് അഴിയൂർ, സിദ്ധീഖ് അക്ബർ, ദിൽരൂപ ശബ്‌നം, കെ. മുഹമ്മദ് റിയാസ്, നക്കീബ്, ഫൗലാദ് എട്വാന, നൂറ മൽഹാർ, റിഫ നീർവേലി, സജീർ, യൂനുസ് ഖാൻ, ഇഷാഖ് അഹമ്മദ് ചൂരി, ഷഫീഖ് നീർവേലി, ഫയാസ് പുന്നാട്, ഇ.പി ജാവിദ്, സി.എ റൗഫ്, അൻഷാദ് ബിൻ ഹനീഫ, സി.സി ഉമ്മർ വയനാട്, എ.ജെ അജ്മൽ, അഫ്‌സൽ നടുവട്ടം, മാലിക്ക് വീട്ടിക്കുന്ന്, ഹൈദ്രുസ് പട്ടാമ്പി, അമീർ സൂഹൈൽ, എം.എ ഹുസൈൻ, ഷാഹുൽ ഷാൻ കരിമ്പനക്കൽ, എം.സുഹൈൽ, ഫിറോസ് കിഴക്കേതല, ജംഷീദ് മുറ്റിച്ചൂർ, സി കെ അബു മക്കിയാട്, ഹർഷാദ് കുഞ്ഞുമോൻ, സഫീർ ബിൻ ഹസൻ, അബ്ദുസലാം മുഹമ്മദ്, അൻവർ അനു കുളപ്പാടം, അബ്ദുള്ള വളാഞ്ചേരി, സുനീർ ഖാൻ റശീദി, സമീർ ചെമ്പൻ വണ്ടൂർ, ഷാനവാസ് താനൂർ, മുഹമ്മദ് റിഫ, മുഹമ്മദ് സാദിഖ്, റാഷിദ് പാലക്കാട്, ഉവൈസ് കടക്കൽ, മുഹമ്മദ് നിജ ചിറയിൻകീഴ്, ജമീർഷാദ് അക്രു, റഫീഖ് ഉദുമ, കരീം ബദിയടുക്ക, ബഷീർ നാദാപുരം, അബ്ദുനൂർ, റഊഫ് കോലച്ചേരി, കെ.പി ജംഷീർ, സുബൈർ കൊണ്ടോട്ടി, ജലീൽ എടച്ചേരി, നവാസ് അഴിയൂർ, ജാമിർഷാദ്, സലാം വാടാനപ്പിള്ളി, നസീബ് പാവറട്ടി, സിദ്ദീഖുൽ അക്ബർ, ഷൻഫീർ, അജ്മൽ, സിദ്ധീഖ്, യൂനുസ് ഖാൻ വിളക്കോട്, ഇസ്ഹാഖ് അഹമ്മദ് തുടങ്ങിയവർക്കെതിരെയാണ് കേസുകൾ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
പല കേസുകളിലും ആരോപണവിധേയരെ പൊലീസ് അറസ്റ്റ് ചെയ്തു. പലരുടെയും ഫോണുകൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഫേസ്ബുക്കിൽ നിരന്തരമായി പോസ്റ്റ് ചെയ്യുന്ന പലരെയും പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും നിരവധി പേർ സമയം മലയാളം പ്ലസിനോട് പറഞ്ഞു.
****