കുറവിലങ്ങാട്
‘ഈ വിധിയിൽ വിശ്വാസമില്ല, സിസ്റ്ററിന് നീതി കിട്ടുന്നതുവരെ മരിക്കേണ്ടിവന്നാലും ഞങ്ങൾ പോരാട്ടം തുടരും. പൊലീസിൽനിന്നും പ്രോസിക്യൂഷനിൽനിന്നും ലഭിച്ച നീതി ജുഡീഷ്യറിയിൽനിന്ന് ലഭിച്ചില്ല’ സിസ്റ്റർ അനുപമ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ട വിധി കേട്ട് സിസ്റ്റർ അനുപമയും ഒപ്പമുണ്ടായിരുന്ന കന്യാസ്ത്രീകളും വിതുമ്പിക്കൊണ്ടാണ് മിഷനറീസ് ഓഫ് ജീസസ് കോൺവന്റിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.
‘പണവും സ്വാധീനവും ഉള്ളവർക്ക് എന്തുമാവാം. ഞങ്ങളെപ്പോലുള്ള സാധാരണക്കാർ എന്തു സംഭവിച്ചാലും മിണ്ടാതിരിക്കണം എന്നാണോ പറയുന്നത് ’ എന്നും അവർ ചോദിച്ചു.മഠത്തിൽ നിന്നുകൊണ്ടുതന്നെ നീതിക്കായുള്ള പോരാട്ടം തുടരും. പൊലീസ് സംരക്ഷണയിലാണ് പുറത്തുപോകുന്നത്. മരിക്കാൻ ഞങ്ങൾക്ക് ഭയമില്ല. വിധിവന്ന സാഹചര്യത്തിൽ അധിക്ഷേപിക്കുന്നവരോട് ഒന്നും പറയാനില്ല. ഇത്രയും നാൾ ഈ യാത്രയിൽ കൂടെനിന്നവരോട് നന്ദിയുണ്ടെന്നും സിസ്റ്റർ അനുപമ പറഞ്ഞു.