പാറശാല
സിപിഐ എം 23–-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് സംസ്ഥാനാതിർത്തി ഗ്രാമമായ പാറശാലയിൽ പ്രൗഢോജ്വല തുടക്കം. കാട്ടാക്കട ശശി നഗറിൽ (ജയമഹേഷ് ഓഡിറ്റോറിയം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ് പട്ടം പി വാമദേവൻ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി താൽക്കാലിക അധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ പുത്തൻകട വിജയൻ സ്വാഗതം പറഞ്ഞു.
ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി ജയൻ ബാബു രക്തസാക്ഷി പ്രമേയവും ആർ രാമു അനുശോചന പ്രമേയവും സി അജയകുമാർ അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു. വി ശിവൻകുട്ടി (കൺവീനർ), എ എ റഹിം, ആര്യ രാജേന്ദ്രൻ, വി എ വിനീഷ്, ഡി കെ മുരളി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 251 പ്രതിനിധികൾ പങ്കെടുക്കുന്നു.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, എ കെ ബാലൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, കെ എൻ ബാലഗോപാൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കോലിയക്കോട് എൻ കൃഷ്ണൻനായർ, കടകംപള്ളി സുരേന്ദ്രൻ, ടി എൻ സീമ എന്നിവർ പങ്കെടുക്കുന്നു. കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനത്തിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ പൊതു ചർച്ച ആരംഭിച്ചു. സമ്മേളനം ഞായറാഴ്ച സമാപിക്കും.