തിരുവനന്തപുരം
സാങ്കേതികത്തകരാറ് പൂർണമായി പരിഹരിച്ചതോടെ സംസ്ഥാനത്തെ റേഷൻവിതരണം പൂർവസ്ഥിതിയിലായി. വെള്ളിയാഴ്ച 2.41 ലക്ഷം കാർഡുടമകൾ റേഷൻവാങ്ങി. സാങ്കേതികത്തകരാർ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളുടെ ഭാഗമായി വ്യാഴംമുതൽ റേഷൻകടകളുടെ സമയക്രമം പുനക്രമീകരിച്ചിരുന്നു. ഏഴു ജില്ലയിലെ റേഷൻകടകൾ രാവിലെ 8.30 മുതൽ 12 വരെയും ബാക്കി ഏഴു ജില്ലയിലെ കടകൾ പകൽ 3.30 മുതൽ 6.30 വരെയുമാണ് പ്രവർത്തിക്കുക. 18 വരെയാണ് ക്രമീകരണം.
ഹൈദരാബാദിലെ എൻഐസിയുടെ സെർവറിലൂടെയാണ് ഇ പോസ് മെഷീന്റെ വിവര വിശകലനം നടക്കുന്നത്. സെർവർശേഷിയുടെ പ്രശ്നങ്ങളാണ് ഇ പോസ് മെഷീന്റെ മെല്ലെപ്പോക്കിന് കാരണം. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾക്കിടെ ഒരു വിഭാഗം വ്യാപാരികൾ മുന്നറിയിപ്പില്ലാതെ കടയടച്ചതോടെയാണ് 10നും 11നും വിതരണത്തോത് കുറയാനിടയാക്കിയതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അധികൃതർ പറഞ്ഞു. ബാക്കിയുള്ള ദിവസങ്ങളിൽ കഴിഞ്ഞ മാസത്തേക്കാൾ റേഷൻവിതരണം നടന്നിട്ടും റേഷൻവിതരണം പാടെ താളംതെറ്റിയെന്ന് ചില മാധ്യമങ്ങൾ നൽകിയ വാർത്ത തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതായും അധികൃതർ പറഞ്ഞു.