ചെറുതോണി
ഇടുക്കി എൻജിനിയറിങ് കോളേജ് വിദ്യാർഥി ധീരജിന്റെ കൊലപാതകത്തിനു പിന്നിൽ കൃത്യമായ ആസൂത്രണവും ആയുധപരിശീലനവും ഉണ്ടെന്ന് സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗത്തുനിന്ന് കുറ്റകൃത്യ പശ്ചാത്തലമുള്ളവരെ കണ്ടെത്തി അവരെ യൂത്ത് കോൺഗ്രസ് ഭാരവാഹികളാക്കിയശേഷം പരിശീലനം നൽകി കൊലപാതകത്തിന് നിയോഗിക്കുന്ന രീതിയാണ് കോൺഗ്രസ് അവലംബിക്കുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെ ഇടുക്കിയിൽ നടപ്പാക്കുകയായിരുന്നു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പു ദിവസം കൊല നടത്താൻ നിയോഗിച്ചത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുത്ത് പരിശീലനം കൊടുത്ത 12 അംഗ സംഘത്തെയാണ്.
ഇതുവരെ അറസ്റ്റിലായവർ കട്ടപ്പന, വാഴത്തോപ്പ്, കമ്പിളികണ്ടം, ചേലച്ചുവട്, വെള്ളയാംകുടി എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. വ്യാഴാഴ്ച കീഴടങ്ങിയ രണ്ടു പേരും എറണാകുളത്തുനിന്നാണ് കുളമാവ് സ്റ്റേഷനിൽ എത്തിയത്. അതുവരെ എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്നു. ഒന്നാം പ്രതി നിഖിൽ പൈലിയും കൊല നടത്തിയശേഷം എറണാകുളത്തേക്ക് കടക്കുന്നതിനിടയിലാണ് പിടിയിലായത്. എറണാകുളം കേന്ദ്രീകരിച്ച് പ്രതികൾക്ക് സംരക്ഷണം ഒരുക്കിയതും നേതൃത്വത്തിന്റെ തീരുമാനമാണ്. കൃത്യമായ ആസൂത്രണമാണ് ഇതിലൂടെ പുറത്തുവരുന്നത്.
ആയുധപരിശീലനം ഇടുക്കി എംപിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ദുരന്തനിവാരണസേന എന്ന ഓമനപ്പേരിട്ടാണ് ഗുണ്ടാസംഘത്തിന് ആയുധപരിശീലനം നൽകുന്നത്. ഇതിനായി ജില്ലയ്ക്ക് പുറത്ത് ഓഫീസും തുറന്നിട്ടുണ്ട്. കൃത്യമായ പരിശീലനം നൽകിയതുകൊണ്ടാണ് മൂന്ന് പേരുടെയും നെഞ്ചിനുതന്നെ കുത്തിയത്.