തിരുവനന്തപുരം
സംസ്ഥാനത്തെ സഹകരണ ജീവനക്കാർക്കും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നു. സഹകരണ ജീവനക്കാർക്കോ പെൻഷൻകാർക്കോ നിലവിൽ മെഡിക്കൽ ഇൻഷുറൻസ് പദ്ധതികളില്ല. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് സംസ്ഥാന ജീവനക്കാർക്കും സർവീസ് പെൻഷൻകാർക്കുമായി നടപ്പാക്കുന്ന മെഡിസെപ്പിനു സമാനമായ പദ്ധതി പരിഗണിക്കുന്നത്.
പദ്ധതി സംബന്ധിച്ച ആലോചനാ യോഗം 18ന് ചേരും. പകൽ 11ന് തിരുവനന്തപുരത്ത് ജവാഹർ സഹകരണ ഭവനിൽ ചേരുന്ന യോഗത്തിന് സഹകരണ രജിസ്ട്രാർ പി ബി നൂഹ് നേതൃത്വം നൽകും. സഹകരണ സ്ഥാപനങ്ങളുടെയും ബോർഡുകളുടേയും മേധാവികളേയും സംഘടന പ്രതിനിധികളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
മെഡിസെപ്പിൽ സഹകരണ ജീവനക്കാരെയും പെൻഷൻകാരെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള കോ–- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സർക്കാരിന് നിവേദനം നൽകിയിരുന്നു.