ഇടുക്കി> ഇടുക്കി എൻജിനിയറിങ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർകൂടി അറസ്റ്റിൽ. കെഎസ്യു നിയോജകമണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാടൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ ജിതിൻ ഉപ്പുമാക്കൽ, ജസിൻ ജോയി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി.
ധീരജിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തുവെന്ന് സംശയിക്കുന്നവരാണ് ടോണി തേക്കിലക്കാടനും ജിതിൻ ഉപ്പുമാക്കലും. തന്നെ കുത്തിയത് ടോണിയാണെന്ന് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന അമൽ മൊഴി നൽകിയിരുന്നു. കെഎസ്യു നിയോജകമണ്ഡലം പ്രസിഡന്റ് കൂടിയായ ടോണി ഇതിനുമുമ്പ് പലവട്ടം ക്യാമ്പസിലെത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹിയായ ജിതിനും കൊലയാളികൾക്കൊപ്പം കോളേജിലെത്തി.
സംഭവശേഷം ഒളിവിൽപോയ ഇരുവരും കുളമാവ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ഒടുവിൽ അറസ്റ്റ് രേഖപ്പെടുത്തിയ ജസിൻ ജോയി ഇടുക്കി മങ്കുവ സ്വദേശിയും യൂത്ത് കോൺഗ്രസ് സജീവ പ്രവർത്തകനുമാണ്. കേസിൽ പ്രധാന പ്രതികളിലൊരാളായ നിഥിൻ ലൂക്കോസിനെ രക്ഷപ്പെടാൻ സഹായിച്ച കുറ്റത്തിനാണ് ഇയാളുടെ അറസ്റ്റ്. തെളിവ് നശിപ്പിച്ചതടക്കമുള്ള വകുപ്പുകളും പ്രതിക്കെതിരെ ചുമത്തി.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേർകൂടി ഇനി പിടിയിലാകാനുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ പേരുടെ അറസ്റ്റുണ്ടാകുമെന്ന് അന്വേഷകസംഘം നൽകുന്ന സൂചന. ധീരജിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ ഉൾപ്പെടെ ഇനി കണ്ടെത്താനുണ്ട്.