മെല്ബണ്> ഓസ്ട്രേലിയന് ഓപ്പണില് പങ്കെടുക്കാന് മെല്ബണിലെത്തിയ ലോക ഒന്നാം നമ്പര് താരം നൊവാക് ജോക്കോവിച്ചിനെതിരെ കടുത്ത നടപടിയുമായി ഓസ്ട്രേലിയന് സര്ക്കാര്. കോടതി വിധിയുടെ പിന്ബലത്തില് ഓസ്ട്രേലിയയില് തുടരുന്ന നൊവാക് ജോക്കോവിച്ചിന്റെ വിസ രാജ്യത്തെ ഇമിഗ്രേഷന് മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഓസ്ട്രേലിയന് സര്ക്കാര് റദ്ദാക്കി. ഇതോടെ താരത്തെ ഉടന് ഓസ്ട്രേലിയയില്നിന്ന് നാടുകടത്തും. മൂന്ന് വര്ഷത്തേക്ക് ഓസ്ട്രേലിയയില് കടക്കുന്നതിനും താരത്തിന് വിലക്കുണ്ടാവും.
ജനുവരി 17 ആരംഭിക്കുന്ന ഓസ്ട്രേലിയന് ഓപ്പണില് പങ്കെടുക്കാന് 6 നാണ് മെല്ബണ് ടല്ലമറൈന് വിമാനത്താവളത്തില് ജോക്കോവിച്ച് എത്തിയത്. എന്നാല് കോവിഡ് വാക്സിനേഷന് സ്വീകരിച്ചതിന്റെ രേഖകളോ മെഡിക്കല് ഇളവുകളോ ഹാജരാക്കാനായില്ല എന്ന് ആരോപിച്ച് വിസ റദ്ദ് ചെയ്യുകയും കുടിയേറ്റനിയമം ലംഘിച്ചെത്തുന്നവരെ പാര്പ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റുകയുമായിരുന്നു.
ഇതിന് പിന്നാലെ കോടതിയെ സമീപിച്ച താരം ഡിസംബറില് കോവിഡ് ബാധിച്ചതിന്റെ തെളിവുകള് ഹാജരാക്കി ഓസ്ട്രേലിയന് ഓപ്പണ് സംഘാടകരില് നിന്ന് മെഡിക്കല് ഇളവ് നേടിയതിന്റെയും ആഭ്യന്തര വകുപ്പില് നിന്ന് നിര്ബന്ധിത വാക്സിന് നിയമത്തില് ഇളവ് നേടിയതിന്റെയും രേഖകള് ഹാജരാക്കിയിരുന്നു. കേസ് പരിഗണിച്ച കോടതി അന്തിമ വാദം നടക്കുന്ന തിങ്കളാഴ്ചയ്ക്ക് മുമ്പ് ജോക്കോയെ തിരിച്ചയക്കാന് പാടില്ലെന്ന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്ക്കാറിന്റെ കടുത്ത നടപടി.