കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി നിർഭാഗ്യകരമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി എസ്. ഹരിശങ്കർ. പ്രതിഭാഗത്തിന്റെ തെളിവുകൾ ദുർബലമായിരുന്നുവെന്നും എന്നിട്ടും ഇത്തരത്തിലുള്ള വിധി നിർഭാഗ്യകരമാണെന്നുംഅദ്ദേഹം പറഞ്ഞു.
കേസിൽ അപ്പീലിന് പോകണമെന്നും ഇന്ത്യൻ നിയമചരിത്രത്തിലെ തന്നെ അത്ഭുതകരമായ വിധിയാണിതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം മുൻ എസ്.പി എസ്. ഹരിശങ്കർ വിധി വന്നതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സത്യസന്ധമായി മൊഴി നൽകിയവർക്കുള്ള തിരിച്ചടിയാണ് ഈ വിധി. ഇരയുടെ മൊഴി ഉണ്ടായിട്ടും വിധി എതിരായത് നിർഭാഗ്യകരമാണ്. നൂറുശതമാനം ശിക്ഷ പ്രതീക്ഷിച്ചിരുന്ന കേസാണിതെന്നും ഹരിശങ്കർ കൂട്ടിച്ചേർത്തു.
അതേസമയം, കേസിൽ അപ്പീലിന് പോകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ജിതേഷ് ബാബു പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ശിക്ഷ ലഭിക്കുമെന്നുതന്നെയാണ് കരുതിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായിരുന്നു വിധിയെന്നും പബ്ലിക് പ്രോസിക്യൂട്ടർ പ്രതികരിച്ചു.
ബലാത്സംഗം ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങളാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരുന്നത്. പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷികൾ എല്ലാം കൂറുമാറാതെ സാക്ഷി പറഞ്ഞിട്ടും കുറ്റകൃത്യങ്ങൾ നടന്നെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്നതാണ് വിചാരണ കോടതിയുടെ വിധിയിലൂടെ മനസിലാക്കാനാകുന്നത്.
Content Highlights:most surptising verdict in the history of law says investigating officer sp harisankar