കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് കേസിൽ വിധിപറഞ്ഞത്.കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്.
105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസിൽ വിധിവന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾപ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരുന്നത്.
ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി. 2014 മുതൽ 2016 വരെയുടെ കാലയളവിൽകന്യാസ്ത്രീ കുറുവിലങ്ങാട് മഠത്തിൽവെച്ച് പീഡനത്തിനിരയായെന്നായിരുന്നു ആരോപണം.പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഉവരുടെ പരാതിയിലുണ്ടായിരുന്നു.
2017 മാർച്ചിലാണ് പീഡനം സംബന്ധിച്ച് മദർ സുപ്പീരിയറിന് കന്യാസ്ത്രീ പരാതി നൽകിയത്. ജൂൺ 27-ന് അവർ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. പിറ്റേദിവസം തന്നെ പോലീസ് പരാതിയിൽ കേസെടുത്തു. വൈക്കം ഡിവൈ.എസ്.പി.യായിരുന്ന കെ.സുഭാഷിന് അന്വേഷണച്ചുമതല കൈമാറി.
സംഭവം വിവാദമായതോടെ കുറുവിലങ്ങാട് മഠത്തിലെ പീഡനം ദേശീയതലത്തിലടക്കം ചർച്ചയായി. കന്യാസ്ത്രീയെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ സന്ദർശിക്കാനെത്തി. ബിഷപ്പ് വിദേശത്തേക്ക് കടക്കാതിരിക്കാൻ വ്യോമയാന മന്ത്രാലയത്തിന് കത്ത് നൽകി. ഇതിനിടെ, കേസിന്റെ അന്വേഷണവും ഒരുവഴിക്ക് നടക്കുന്നുണ്ടായിരുന്നു.
പീഡനം സംബന്ധിച്ച് കന്യാസ്ത്രീ വാക്കാൽ പരാതി നൽകിയിരുന്നതായി പാലാ ബിഷപ്പ് മൊഴി നൽകി. കേസിൽനിന്ന് പിന്മാറാൻ രൂപത അധികാരികൾ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരനും പറഞ്ഞു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയും രേഖപ്പെടുത്തി. അന്വഷണസംഘം ഡൽഹിയിലേക്കും ജലന്ധറിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഡൽഹിയിൽനിന്ന് ചിലരുടെ മൊഴി രേഖപ്പെടുത്തി. കന്യാസ്ത്രീക്കെതിരേ ആരോപണമുന്നയിച്ച ബന്ധുവിൽനിന്നും മൊഴിയെടുത്തി.
2018 ഓഗസ്റ്റ് പത്താം തീയതിയാണ് അന്വേഷണസംഘം ജലന്ധറിൽ എത്തുന്നത്. തുടർന്ന് 13-ാം തീയതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്തു. ഇതിനുപിന്നാലെ തന്നെ വധിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് കന്യാസ്ത്രീ വീണ്ടും പോലീസിനെ സമീപിച്ചു.
സെപ്റ്റംബർ 12-ാം തീയതി ഐ.ജി.യുടെ നേതൃത്വത്തിൽ കൊച്ചിയിൽ യോഗം ചേർന്ന് ബിഷപ്പിന് നോട്ടീസ് നൽകി. പിന്നാലെ ഫ്രാങ്കോ മുളയ്ക്കൽ ജലന്ധർ രൂപതയുടെ ചുമതലകൾ കൈമാറി. കൊച്ചിയിലെത്തി ചോദ്യംചെയ്യലിന് ഹാജരായി. മൂന്നുദിവസമാണ് അന്വേഷണസംഘം ബിഷപ്പ് ഫ്രാങ്കോയെ തുടർച്ചയായി ചോദ്യംചെയ്തത്. ഒടുവിൽ മൂന്നാംദിവസം, 2018 സെപ്റ്റംബർ 21-ന് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി.
പാലാ കോടതിയിൽ ഹാജരാക്കിയ ഫ്രാങ്കോയെ കോടതി റിമാൻഡ് ചെയ്തു. 5968-ാം നമ്പർ തടവുകാരനായി ഫ്രാങ്കോയെ പാലാ ജയിലിലടച്ചു. ബിഷപ്പിനെ കുറുവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിൽ ഫ്രാങ്കോ എല്ലാം നിഷേധിക്കുകയാണ് ചെയ്തത്. 5968-ാം നമ്പർ തടവുകാരനായാണ് ഫ്രാങ്കോയെ പാലാ ജയിലിലടച്ചിരുന്നത്. രണ്ടാഴ്ചയിലേറെ നീണ്ട ജയിൽവാസത്തിന് ശേഷം 2018 ഒക്ടോബർ 15-ന് ഹൈക്കോടതി ഫ്രാങ്കോയ്ക്ക് ജാമ്യവും അനുവദിച്ചു. ഇതിനിടെ, ബിഷപ്പിനെതിരേ മൊഴി നൽകിയ വൈദികനെ പഞ്ചാബിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. മരണത്തിൽ അസ്വാഭാവികതയില്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. കന്യാസ്ത്രീകൾ ബിഷപ്പിനെതിരേ പലതവണ പരാതിപ്പെട്ടതായും ബിഷപ്പിൽനിന്ന് മോശം അനുഭവം ഉണ്ടായതായി കന്യാസ്ത്രീ പറഞ്ഞതായും ഈ വൈദികൻ മൊഴി നൽകിയിരുന്നു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പിന്നീട് വിചാരണ ആരംഭിച്ചെങ്കിലും ഒരാഴ്ച മുമ്പാണ് വിചാരണ പൂർത്തിയാക്കിയത്. കേസിൽ ആകെ 83 സാക്ഷികളാണുള്ളത്. ഇതിൽ 39 വേരെ വിചാരണയ്ക്കിടെ വിസ്തരിച്ചിരുന്നു. കന്യാസ്ത്രീകളും വൈദികരും ബിഷപ്പുമാരും സാക്ഷിപ്പട്ടികയിലുണ്ടായിരുന്നു. ഫ്രാങ്കോയുടെ മൊബൈൽഫോൺ, ലാപ്ടോപ്പ് അടക്കുള്ളവ നിർണായക തെളിവായി കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
Content Highlights:Bishop Franco Mulakkal acquitted in nun rape case