തിരുവനന്തപുരം > തിരുവനന്തപുരം ആസ്ഥാനമായി ഇന്ത്യൻ സ്കൂൾ ഓഫ് സോഷ്യൽ സയൻസ് സ്ഥാപിക്കാൻ മുൻകൈയ്യെടുത്ത ധൈഷണികനായിരുന്നു ഡോ. ജേക്കബ് ഈപ്പൻ. പശ്ചിമ ജർമിനിയിലെ കെയ്ൽ സർവ്വകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും ഗവേഷണ പഠനവുമടക്കം പൂർത്തിയാക്കിയശേഷമാണ് സ്കൂൾ ഓഫ് സോഷ്യൽ സയൻസിന്റെ രൂപകീരണത്തിലേക്ക് അദ്ദേഹം കടക്കുന്നത്. കൂട്ടിന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. കെ മാത്യു കുര്യനും. അദ്ദേഹമായിരുന്നു ആദ്യ ഡയറക്ടർ.
രാജ്യത്തെ ബുദ്ധിജീവികളുടെ പാരസ്പര്യം ഉറപ്പാക്കാനുള്ള ഏറ്റവും മികച്ച ഉപാധിയായി സ്ഥാപനം വളർന്നു.
ഇതിന്റെ ഭാഗമായി ‘സോഷ്യൽ സയന്റിസ്റ്റ്’ എന്ന പേരിൽ സർവതല സ്പർശിയായ ജേണലിന്റെ ആരംഭവും കുറിച്ചു. പിന്നീട് മാത്യു കുര്യൻ സ്വന്തമായി കോട്ടയത്ത് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച് മാറിയതോടെ സ്കൂൾ ഓഫ് സോഷ്യൽ സയൻസിന്റെയും ഡയറക്ടറും സോഷ്യൽ സയന്റിസ്റ്റിന്റെയും ചൂമതല പൂർണമായും ജേക്കബ് ഈപ്പൻ ഏറ്റെടുത്തു.
സ്കൂൾ ഓഫ് സോഷ്യൽ സയൻസിന്റെ ഡയറക്ടറായും സോഷ്യൽ സയന്റിസ്റ്റിന്റെ പത്രാധിപരായും പ്രവർത്തനം തുടർന്നു. എഴുപതുകളുടെ ദശാബ്ദക്കാലം ഇരുസ്ഥാപനങ്ങളെയും മികച്ച രീതിയിൽ നയിക്കാൻ അദ്ദേഹത്തിനായി. ഇക്കാലയളവിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ദേശീയ, അന്തർദേശീയ സെമിനാറുകൾ പ്രശസ്തമായി. രാജ്യത്തെ ബുദ്ധിജീവികളിൽ ഒരു വിഭാഗത്തെ കമ്യൂണിസ്റ്റ് പാർടിയുമായി അടുപ്പിക്കുന്നതിൽ ജേക്കബ് ഈപ്പൻ വലിയ പങ്ക് വഹിച്ചു.
1980ൽ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവെ പാലക്കാട് വച്ചുണ്ടായ അപകടം അദ്ദേഹത്തെ സാരമായി തളർത്തി. ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് പാർടി ഇടപെട്ട് മോസ്കോയിലെത്തിച്ച് ചികിത്സ നൽകി. മൂന്നുവർഷത്തോളം ചികിത്സ തുടർന്നു. ഇക്കാലയളവിലെ കർമ്മമണ്ഡലത്തിൽനിന്നുള്ള അദ്ദേഹത്തിന്റെ പിന്മാറ്റം സ്ക്കൂൾ ഓഫ് സോഷ്യൽ സയൻസിന്റെയും സോഷ്യൽ സയന്റിസ്റ്റിന്റെയും പ്രവർത്തനം മന്ദീഭവിപ്പിച്ചു. പിന്നീട് ഇവയുടെ പ്രവർത്തനം ഡൽഹിയിലേക്ക് മാറ്റി.
സംസ്ഥാന ആസൂത്രണ ബോർഡ് അംഗമെന്ന നിലയിലും കാര്യമായ സംഭാവനകൾ അദ്ദേഹത്തിന്റേതായിയുണ്ടായി. ബോർഡിന്റെ ആദ്യ സാമ്പത്തിക ഉപദേഷ്ടാവായും പ്രവർത്തിച്ചു. കേരള സർവകലാശാല സിണ്ടിക്കേറ്റിലും അംഗമായിട്ടുള്ള അദ്ദേഹം 1985ൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി രാജ്യസഭയിലേക്ക് മത്സരിച്ചു. 1987 ൽ കേരള ഫിനാൻഷ്യൽ എന്റർപ്രൈസസ് (കെഎസ്എഫ്ഇ) ചെയർമാനായി പ്രവർത്തിച്ചിരുന്ന കാലത്താണ് റിവൈസ്ഡ് ഭദ്രതാ സ്കീമിന് രൂപം കൊടുത്തത്. തൊണ്ണൂറുകളുടെ അവസാനംവരെ പൊതുരംഗങ്ങളിൽ സജീവമായിരുന്നു.