കോഴിക്കോട് > തൊണ്ടയാട് ബൈപാസിൽപാലാഴി ഹൈലൈറ്റ് മാളിനടുത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഓംനി വാനിലിടിച്ച് യാത്രക്കാരൻ മരിച്ചു. ഓംനി വാനിലുണ്ടായിരുന്ന ചേളന്നൂർ ഇരുവള്ളൂർസ്വദേശി ചിറ്റടി പുറായിൽ സിദ്ദീഖ് (38) ആണ് മരിച്ചത്. പന്നി കുറുകെ ചാടിയതാണ് അപകടത്തിനിടയാക്കിയതെന്ന് സംശയിക്കുന്നു. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു.
കക്കോടി സ്വദേശികളായ കിഴക്കുംമുറി മുനയിട്ടും താഴെ ദൃശ്യൻ പ്രമോദ് (21), മോരിക്കര വടക്കെതൊടി അനൂപ്, ചേളന്നൂർ എൻ കെ നഗർ അരയൻകുളങ്ങര മീത്തൽ സന്നാഫ് എന്നിവരെ സാരമായ പരിക്കുകളോടെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴം രാവിലെ ആറോടെയാണ് അപകടം.
തൃശൂരിൽനിന്ന് വരികയായിരുന്നു വെൽഡിങ് തൊഴിലാളികളായ സിദ്ദീഖും മറ്റുള്ളവരും. എതിർ ദിശയിൽ പോകുന്ന പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് ഓംനിയിൽ ഇടിച്ചു. പന്നി കുറുകെ ഓടിയതിനാൽ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്ന് പിക്കപ്പ് വാനിലുള്ളവർ പറയുന്നു. നാലുപേരെയും ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സിദ്ദീഖ് ഉച്ചയോടെ മരിച്ചു. സിദ്ദീഖിന്റെ ബാപ്പ: അബ്ദു. ഉമ്മ: പാത്തുമ്മ. ഭാര്യ: സമീന. മക്കൾ: സാദി മുഹമ്മദ്, സയാൻ മുഹമ്മദ് (ഇരുവരും ഇരുവള്ളൂർ ജിയുപി സ്കൂൾ). സഹോദരങ്ങൾ: മുഹമ്മദ്, സുബൈദ, നബീസ, ജമീല, ആയിഷ. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.