ബംഗളൂരു: മേക്കേദാട്ടു പദ്ധതിയ്ക്കായി കർണാടകയിൽ കോൺഗ്രസ് നടത്തുന്ന പദയാത്ര നിർത്തിവെച്ചു. പദയാത്രയിൽ പങ്കെടുക്കുന്ന അഞ്ച് കോൺഗ്രസ് നേതാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടർന്ന് പദയാത്ര നിർത്തിവെക്കാൻ രാഹുൽ ഗാന്ധി ഇടപെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പത്ത് ദിവസം നീണ്ടു നിൽക്കുന്നതായിരുന്നു പദയാത്ര.
മേക്കേദാട്ടുവിൽ കാവേരി നദിക്കു കുറുകെ അണക്കെട്ട് നിർമ്മിച്ച് ബംഗളൂരുവിലും പരിസരങ്ങളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതി നടപ്പാക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.
കഴിഞ്ഞ അഞ്ച് ദിവസവും കോൺഗ്രസിന്റെ പദയാത്ര വൻ വിജയമായിരുന്നു. ബംഗളൂരുവിൽ വെച്ച് അവസാനിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ ഇത് മാറ്റിവെക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
പദയാത്ര നയിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളായ വീരപ്പ മൊയ്ലി, മല്ലികാർജ്ജുന ഖാർഗെ തുടങ്ങിയവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഡികെ ശിവകുമാർ, സിദ്ധരാമയ്യ തുടങ്ങിയവർ കോവിഡ് ബാധിതരായ നേതാക്കളുമായി നേരിട്ട് വേദി പങ്കിട്ടിരുന്നു. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ പദയാത്ര നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കോൺഗ്രസ് നേതാക്കൾക്ക് കത്തയക്കുകയും ചെയ്തിരുന്നു.
അതേസമയം കോവിഡ് നിയമങ്ങൾ ലംഘിച്ച് പദയാത്ര നടത്തിയതിന് കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ, കോൺഗ്രസ് എം.പി. ഡി.കെ. സുരേഷ് ഉൾപ്പെടെ 60ലേറെ പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വാരാന്ത്യ കർഫ്യൂ ഉൾപ്പെടെ നിലനിൽക്കെയാണ് ഞായറാഴ്ച കനകപുര ജില്ലയിൽ കോൺഗ്രസ് പദയാത്ര തുടങ്ങിയത്. ജില്ലയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് റാലികൾക്കും പ്രകടനങ്ങൾക്കും ധർണകൾക്കും സർക്കാർ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
Content Highlights: After Rahul Gandhi Call, Congress Padyatra In Karnataka Is Paused