സെർവർ തകരാറിനെത്തുടർന്ന് ഇ പോസ് മെഷീൻ പ്രവർത്തന രഹിതമായതോടെയാണ് സംസ്ഥാനത്തെ റേഷൻ വിതരണം തടസപ്പെട്ടത്. ബുധനാഴ്ച രാവിലെ റേഷൻ കടകൾ തുറന്നപ്പോൾ ഒരു മണിക്കൂറിലേറെ ഇ പോസ് സംവിധാനം പ്രവർത്തിച്ചെങ്കിലും 9.45 ഓടെ വീണ്ടും തകരാറിലായി. തുടർച്ചയായ അഞ്ചാം ദിവസമാണ് റേഷൻ വിതരണം തടസപ്പെട്ടത്.
സംസ്ഥാനത്ത 92 ലക്ഷം കാർഡ് ഉടമകളിൽ 13 ലക്ഷം പേർക്ക് മാത്രമാണ് ഈ മാസം റേഷൻ വിതരണം ചെയ്തത്. കഴിഞ്ഞ ദിവസം റേഷൻ കടകൾ അടച്ചിട്ട വ്യാപാരികൾ പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പിന്നാലെ റേഷൻ വിതരണത്തിന് പുതിയ ക്രമീകരണം ഏർപ്പെടുത്തുകയാണെന്ന് ഭക്ഷ്യ വിതരണ വകുപ്പ് അറിയിച്ചിരുന്നു. മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ രാവിലെ 8.30 മുതല്‍ 12 മണിവരെയായിരിക്കും വിതരണം എന്നായിരുന്നു അറിയിപ്പ്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളില്‍ ഉച്ചക്കുശേഷം 3.30 മുതല്‍ 6.30 വരെയും വിതരണം ചെയ്യും. വ്യാഴാഴ്ച മുതൽ ജനുവരി 18 വരെയാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.