തൊടുപുഴ
പൈനാവ് എൻജിനിയറിങ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ യൂത്ത് കോൺഗ്രസ്–കെഎസ്യു പ്രവർത്തകർ ആസൂത്രിതമായി കൊന്നതാണെന്ന് വ്യക്തമാക്കി പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കട്ടപ്പന ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷകസംഘം റിപ്പോർട്ട് സമർപ്പിച്ചത്. ആറുപേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. എല്ലാവരും യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ.
ധീരജിനെയും സുഹൃത്തുക്കളെയും കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമിച്ചത്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ പുറമേനിന്ന് എത്തിയ യൂത്ത് കോൺഗ്രസ്–-കെഎസ്യു ക്രിമിനൽസംഘം ക്യാമ്പസിൽ പ്രവേശിക്കാൻ ശ്രമിച്ചു. ക്യാമ്പസിലേക്ക് കടക്കരുതെന്നുപറഞ്ഞ വിദ്യാർഥികളായ അഭിജിത്ത്, ധീരജ്, അമൽ, അർജുൻ എന്നിവരെ ക്രൂരമായി ആക്രമിച്ചു. ഇതിനിടെ, നിഖിൽ പൈലി പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് അഭിജിത്തിന്റെ ഇടതുനെഞ്ചിലും അമലിന്റെ വലതുനെഞ്ചിലും കഴുത്തിന്റെ ഇടതുഭാഗത്തും കുത്തി. ഇതിനുശേഷം ജില്ലാ പഞ്ചായത്ത് ഓഫീസ് ഭാഗത്തുകൂടി ഓടി രക്ഷപ്പെടാൻ ശ്രമിച്ച നിഖിലിനെ ധീരജ് തടയാൻ ശ്രമിച്ചപ്പോഴാണ് നെഞ്ചിൽ കുത്തി കൊന്നത്. മരിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് കുത്തിയതെന്നും പ്രതികൾക്കെല്ലം കുറ്റകൃത്യത്തിൽ ഒരേപോലെ പങ്കുണ്ടെന്നും റിപ്പോർട്ട് അടിവരയിടുന്നു.
കൊലപാതകം, വധശ്രമം, മാരകായുധവുമായി അന്യായമായി സംഘംചേരൽ, കലാപാന്തരീക്ഷം സൃഷ്ടിക്കൽ, മനഃപൂർവമായ നരഹത്യ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് ഭൂമിയാംകുളം ചെന്നാപ്പാറ പീടികത്തറയിൽ നിഖിൽ പൈലി(31), ഇടുക്കി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വാഴത്തോപ്പ് തടിയമ്പാട് ഇടയാലിൽ ജെറിൻ ജോജോ(22) എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. ഇവർ റിമാൻഡിലാണ്.