തിരുവനന്തപുരം
കുട്ടികളിലും കൗമാരക്കാരിലും ആത്മഹത്യ വർധിക്കുന്നത് ഗുരുതര സാമൂഹ്യപ്രശ്നമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓൺലൈൻ ക്ലാസിൽ ഇരിക്കാത്തതിന് വഴക്കുകിട്ടി, കളിക്കാൻ അനുവദിച്ചില്ല, ഫോണിൽ അശ്ലീല ചിത്രം നോക്കിയതിന് വഴക്കുപറഞ്ഞു തുടങ്ങിയ നിസ്സാരകാര്യങ്ങൾക്കാണ് പലകുട്ടികളും ജീവിതം അവസാനിപ്പിച്ചത്. കുട്ടികളുടെ ആത്മഹത്യയും മാനസികപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ദേശാഭിമാനി പ്രസിദ്ധീകരിച്ച ‘ഡിജിറ്റൽ ചലഞ്ച്’ പരമ്പരയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. താളംതെറ്റിയ കുടുംബജീവിതം, രക്ഷിതാക്കളുടെ അമിത ലഹരി ഉപയോഗം തുടങ്ങിയവ ആത്മഹത്യകൾക്ക് കാരണമാണ്. കോവിഡിൽ സ്കൂളുകളും കോളേജുകളും അടച്ചിട്ടതും കൂട്ടുകാരുമായി ഇടപഴകാൻ സാധിക്കാത്തതും മാനസികസമ്മർദം കൂട്ടിയിട്ടുണ്ട്.
കുട്ടികളുടെയും കൗമാരക്കാരുടെയും സ്വഭാവ സവിശേഷതകൾ മനസ്സിലാക്കാനും അടുത്തറിയാനും ശ്രമിക്കണം. സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബാന്തരീക്ഷം ഒരുക്കണം. പ്രശ്നങ്ങൾ പരിഹരിക്കാൻ കൗൺസലിങ് ഉൾപ്പെടെയുള്ളവ തേടണം.
കുട്ടികളാണ് സമൂഹത്തിന്റെ ഭാവി. അവരുടെ ശാരീരിക, മാനസിക ആരോഗ്യ സംരക്ഷണം സമൂഹത്തിന്റെയാകെ ഉത്തരവാദിത്വമാണ്. സാമൂഹ്യപ്രതിബദ്ധതയുള്ള മാധ്യമങ്ങൾക്കുമാത്രം ചെയ്യാൻ കഴിയുന്നതാണ് ഇത്തരം മാതൃകാപരമായ ഇടപെടലുകൾ. അതിനു മുന്നിട്ടിറങ്ങിയ ദേശാഭിമാനിയെ അഭിനന്ദിക്കുന്നു –-മുഖ്യമന്ത്രി പറഞ്ഞു.