തിരുവനന്തപുരം
പ്രാദേശിക വ്യവസായ സംരംഭക മേഖലയിൽ സഹകരണ സംഘങ്ങളും പങ്കാളികളാകും. സഹകരണ ബാങ്കുകളുടെ കൺസോർഷ്യം ഒരുക്കിയാണ് പദ്ധതി സാധ്യമാക്കുക. സംരംഭക വർഷം പരിപാടിയുടെ ഭാഗമായി വ്യവസായവകുപ്പിന്റെ ഓൺലൈൻ സംവാദത്തിൽ സഹകരണമന്ത്രി വി എൻ വാസവൻ ആശയം മുന്നോട്ടുവച്ചു. വ്യവസായമന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സഹകരണ ബാങ്ക് പ്രസിഡന്റുമാരുമായിട്ടായിരുന്നു സംവാദം.
നിലവിൽ സഹകരണമേഖലയിൽ 336 ഉൽപ്പന്നം വിപണിയിൽ എത്തിക്കുന്നു. വിവിധ സംഘങ്ങൾക്ക് ഉൽപ്പാദനപദ്ധതികളുമുണ്ട്. സംരംഭ സാധ്യത വിലയിരുത്തി മേഖലാടിസ്ഥാനത്തിലോ ജില്ലാ അടിസ്ഥാനത്തിലോ രൂപീകരിക്കുന്ന ബാങ്കുകളുടെ കൺസോർഷ്യം നിക്ഷേപത്തിന് നേതൃത്വം നൽകും. മിച്ച ധനമുള്ള സംഘങ്ങളുടെ പ്രത്യേക യോഗം വിളിച്ചായിരിക്കും കൺസോർഷ്യ രൂപീകരണം. സഹകരണവകുപ്പ് നേതൃത്വം നൽകും. വിപണി കണ്ടെത്താൻ പ്രത്യേകം മാർക്കറ്റിങ് വിഭാഗം പ്രവർത്തിക്കണം. പച്ചക്കറിയും ഭക്ഷ്യ ഉൽപ്പന്നങ്ങളും സംഭരിക്കാൻ ശീതീകരണ സംവിധാനങ്ങളുണ്ടാകും.