കേപ്ടൗൺ
അഞ്ച് വിക്കറ്റ് പ്രകടനവുമായി ജസ്പ്രീത് ബുമ്ര ആഞ്ഞടിച്ചപ്പോൾ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ഒന്നാം ഇന്നിങ്സ് ലീഡ്. 210 റണ്ണിനാണ് ദക്ഷിണാഫ്രിക്ക പുറത്തായത്. മൂന്നാംദിനം ഇന്ത്യക്ക് 70 റൺ ലീഡായി. സ്കോർ: ഇന്ത്യ 223, 2–-57; ദക്ഷിണാഫ്രിക്ക 210. ഒരുഘട്ടത്തിൽ മികച്ച സ്കോറിലേക്ക് നീങ്ങിയ ദക്ഷിണാഫ്രിക്കയെ ബുമ്ര തടഞ്ഞു. 72 റണ്ണെടുത്ത കീഗൻ പീറ്റേഴ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.
രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യക്ക് 57 റണ്ണെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ മായങ്ക് അഗർവാളും (7) ലോകേഷ് രാഹുലും (10) ആണ് പുറത്തായത്. വിരാട് കോഹ്-ലിയും (14) ചേതേശ്വർ പൂജാരയും (9) ക്രീസിൽ.
രണ്ടാംദിനം 1–-17 റണ്ണെന്ന നിലയിൽ കളി തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തകർച്ചയായിരുന്നു ആദ്യം. എയ്ദൻ മാർക്രം (8) രണ്ടാംദിനത്തിലെ രണ്ടാംപന്തിൽത്തന്നെ മടങ്ങി. ബുമ്ര മാർക്രത്തിന്റെ കുറ്റി പിഴുതു. രാത്രികാവൽക്കാരൻ കേശവ് മഹാരാജ് (25) പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഉമേഷ് യാദവിന്റെ തകർപ്പൻ പന്തിൽ വീണു.
പിന്നീടായിരുന്നു ദക്ഷിണാഫ്രിക്ക കളംപിടിച്ചത്. പീറ്റേഴ്സണും റാസി വാൻ ഡെർ ദുസെനും (21) ചേർന്ന് അവരെ മുന്നോട്ടുനയിച്ചു. ഈ സഖ്യം ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശിയത്. നാലാം വിക്കറ്റിൽ 67 റണ്ണും പിറന്നു. ഉമേഷ് യാദവാണ് കളിയിൽ ഇന്ത്യയെ തിരികെ കൊണ്ടുവന്നത്. ദുസനെ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ കൈകളിലെത്തിച്ചു. ദക്ഷിണാഫ്രിക്കയുടെ സ്കോർ 4–-112.
തുടർന്നെത്തിയ ടെംബ ബവുമ പീറ്റേഴ്സണ് ഒത്ത പങ്കാളിയായി. ബവുമ വേഗത്തിൽ റണ്ണടിക്കാനാണ് ശ്രമിച്ചത്. 42 റണ്ണുമായി ഈ സഖ്യവും ഭീഷണി ഉയർത്തി. ചായക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് മുഹമ്മദ് ഷമി പുറത്തെടുത്ത മാസ്മരിക ബൗളിങ് പ്രകടനം ദക്ഷിണാഫ്രിക്കയുടെ വേരറുത്തു. ഒരോവറിൽ ബവുമയെയും (28) വെറെയ്ന്നെയും (0) ഷമി തീർത്തു. ബവുമയെ മനോഹര ക്യാച്ചിലൂടെ കോഹ്ലിയാണ് പുറത്താക്കിയത്. ചായക്കുശേഷം പീറ്റേഴ്സണെ മടക്കി ബുമ്ര ഇന്ത്യയുടെ ആധിപത്യം ഉറപ്പിച്ചു. ലുൻഗി എൻഗിഡിയെ (3) ആർ അശ്വിന്റെ കൈകളിലെത്തിച്ചായിരുന്നു ബുമ്രയുടെ അഞ്ച് വിക്കറ്റ് നേട്ടം.