തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മെഗാ തിരുവാതിരക്കെതിരേ കേസ്. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് 550-ലേറെ പേരാണ് മെഗാ തിരുവാതിരയിൽ പങ്കെടുത്തത്. ഇതിനെതിരേ വലിയ വിമർശനം ഉയർന്നതിന് പിന്നാലെ, പാറശ്ശാല പോലീസാണ് കേസെടുത്തിരിക്കുന്നത്. 500-ൽ അധികം പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
കോവിഡ് വ്യാപന സാഹചര്യത്തിൽ പൊതുപരിപാടിയിൽ 150 പേരിൽ കൂടരുതെന്ന സർക്കാർ നിയന്ത്രണം നിലനിൽക്കേയാണ് ഇത്രയധികം പേർ പങ്കെടുത്ത മെഗാ തിരുവാതിര നടന്നത്. മരണാനന്തര, വിവാഹ ചടങ്ങുകളിൽ 50 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളുവെന്ന ഉത്തരവും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് 550 പേർ അണിനിരന്ന തിരുവാതിര നടന്നത്.
ജനാധിപത്യ മഹിള അസോസിയേഷൻ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറശ്ശാലയിലെ ചെറുവാരക്കോണം സിഎസ്ഐ പള്ളി മൈതാനത്തായിരുന്നു പരിപാടി. ജില്ലാ പഞ്ചായത്ത് അംഗം സലൂജയുടെ നേതൃത്വത്തിലായിരുന്നു തിരുവാതിര. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ.രതീന്ദ്രൻ, പുത്തൻകട വിജയൻ എന്നിവർ അടക്കമുള്ള നേതാക്കളും പരിപാടിക്ക് എത്തിയിരുന്നു.
Content Highlights:Case against CPM mega thiruvathira on covid protocol violation