അതേസമയം സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് അറിയിച്ചു.
സംസ്ഥാനത്തെ ഒമിക്രോണ്‍ കേസുകള്‍ 421 ആയി. പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരം കഴിഞ്ഞു. ഈ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടങ്ങള്‍ പരമാവധി കുറയ്ക്കണം. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ എന്‍ 95 മാസ്കോ, ഡബിള്‍ മാസ്കോ ധരിക്കേണ്ടതാണ്. പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത്. രോഗമുണ്ടെങ്കിൽ മറച്ച് വയ്ക്കരുത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കൊവിഡ് പരിശോധന നടത്തേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി മുന്നറിയിപ്പ് നൽകി.
ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം, പനി എന്നിവയാണ് ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇതോടൊപ്പം ലക്ഷണങ്ങളില്ലാതെയും ഒമിക്രോണ്‍ വന്‍തോതില്‍ പടരാം. അതിനാല്‍ എല്ലാവരും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണം. കുടുംബാംഗങ്ങളിലൂടെയും സുഹൃത്തുക്കളിലൂടെയും സ്ഥാപനങ്ങളിലൂടെയും ഒമിക്രോണ്‍ വ്യാപിക്കാന്‍ സാധ്യതയുണ്ട്. നിശബ്ദ വ്യാപനത്തിനുള്ള ഒമിക്രോണിന്റെ സാധ്യത കൂടി കണക്കിലെടുത്ത് എല്ലാവരും കൃത്യമായി മാസ്ക് ധരിക്കണമെന്ന് മന്ത്രി പറഞ്ഞു.