കണ്ണൂർ> ഇടുക്കി പൈനാവ് എഞ്ചിനിയറിംഗ് കോളജിലെ എസ് എഫ് ഐ പ്രവര്ത്തകന് ധീരജിന്റെ കൊലപാതകം ആസൂത്രിതമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കൊലപാതകം നടന്ന സ്ഥലത്ത് യാതൊരു സംഘര്ഷവും നടന്നിട്ടില്ല. പുറത്ത് നിന്ന് വന്ന ആളുകളാണ് ധീരജിനെ കൊല നടത്തിയത്. യൂത്ത് കോണ്ഗ്രസിന്റെ ഒരു സംഘം ആസൂത്രം ചെയ്ത് നടത്തിയ കൊലപാതകം എന്ന നിലയില് കേസിന് വലിയ പ്രധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുറത്ത് നിന്നുള്ളവര് വന്നാണ് കൊലപാതകം നടത്തിയത്. ഗൗരവതരമായ അന്വേഷണം സര്ക്കാറിന്റെ ഭാഗത്ത് നിന്ന് സ്വീകരിക്കണം. കൊലപാതകക്കേസിലെ പ്രതി എറണാകുളത്തേക്ക് ബസില് സഞ്ചരിക്കുമ്പോഴാണ് അസ്റ്റിലായത്. എറണാകുളത്ത് ഒളിസങ്കേതം ഒരുക്കാന് ശ്രമിച്ചത് ആരെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമര്ശം പ്രകോപനപരമാണെന്നും ധീരജിനെ ഇനിയും അപമാനിക്കരുതെന്നും കോടിയേരി പറഞ്ഞു.
ഇത്തരം പരാമര്ശം പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കമാണ്. സിപിഐ എമ്മുകാര് അതില് കുടുങ്ങരുത്. സംയമനം പാലിച്ച് കോണ്ഗ്രസിനെ ഒറ്റപ്പെടുത്തണം. ഒരാള് കൊല്ലപ്പെട്ടാല് സന്തോഷിക്കുന്നത് കോണ്ഗ്രസിന്റെ സംസ്കാരമാണെന്നും കോണ്ഗ്രസ് സെമി കേഡര് ആകുന്നത് കൊലപാതകം നടത്തിയാണോ എന്നും അദ്ദേഹം ചോദിച്ചു. ധീരജിന്റെ വീട്ടില് എത്തി അനുശോചനം അറിയിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.