മഞ്ചേരി > മഞ്ചേരി മാർക്കറ്റിലേക്ക് ചരക്കുമായി എത്തിയ ലോറിയിൽ നിന്ന് ഏഴുലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചു. കൂൾലിപ് ഇനത്തിൽപ്പെട്ട 168 കിലോ ഉൽപനങ്ങളാണ് പിടിച്ചെടുത്തത്. ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടു. വാഹന ഉടമ പൂക്കോട്ടൂർ ചീനിക്കൽ സ്വദേശിയായ മണ്ണേത്തൊടി മുജീബ് റഹ്മാനെതിരെ ആർസി ബുക്ക് പ്രകാരം കേസെടുത്തു.
ചെവാഴ്ച രാത്രി 12ഓടെ പച്ചക്കറിയുമായി എത്തിയ മഹേന്ദ്ര മാക്സ്ട്രക്ക് പിക്കപ്പിലാണ് പുകയില ഉൽപ്പന്നങ്ങൾ കൊണ്ടുവന്നത്. 13 ചാക്കുകളിലായി 9300 ഹാൻസ് ബോഡിക്കുള്ളിൽ ഷീറ്റ് കെട്ടി ഒളിപ്പിച്ചാണ് കടത്തിക്കൊണ്ടു വന്നത്. മൈസൂരിൽ നിന്നാണ് ഇവ കൊണ്ടുവന്നത്. ജില്ലാ ഡെപ്പൂട്ടി എക്സൈസ് കമീഷണറുടെ നിർദ്ദേശപ്രകാരം തൊണ്ടുമുതലും വാഹനവും മഞ്ചേരി പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി.
കടത്തിന് പിന്നിൽ വൻ സംഘമുണ്ടെന്നാണ് സൂചന. രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ്. കഴിഞ്ഞ ദിവസം മഞ്ചേരി ടൗൺ ഭാഗത്തും പരിസരങ്ങളിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പഴയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ഹാൻസ് മൊത്ത വിതരണക്കാരനെ കുറിച്ച് സൂചന ലഭിച്ചത്.
മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ഷാജി, പ്രിവന്റീവ് ഓഫീസർമാരായ ആർ പി സുരേഷ് ബാബു, പി ഇ ഹംസ, സിവിൽ എക്സൈസ് ഓഫീസർമാരായ പി ഷെബീർ അലി, കെ ഷംസുദ്ദീൻ, കെ വിനീത്, ഇ ജിഷിൽ നായർ, പി റെജിലാൽ എന്നിവരടങ്ങിയ സംഘമാണ് ഹാൻസ് കണ്ടെടുത്തത്.