കൊച്ചി: കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾക്ക് പിന്നിലെ യഥാർഥലക്ഷ്യം എന്തെന്ന് കണ്ടെത്തണമെന്ന് ഹൈക്കോടതി. ഇവ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ നിർദേശം. സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിലുൾപ്പെടെ രജിസ്റ്റർചെയ്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാലാം പ്രതി ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ വിലയിരുത്തലുകൾ.
ലാഭകരമല്ലാതിരുന്നിട്ടും ഇത്തരം എക്സ്ചേഞ്ചുകൾ ഒട്ടേറെ പ്രവർത്തിക്കുന്നതാണ് സംശയത്തിന് കാരണം. മിലിറ്ററി ഇന്റലിജൻസ് നൽകിയ വിവരങ്ങളാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്താൻ സഹായകരമായത്.
തീവ്രവാദം, ക്വട്ടേഷൻ, സ്വർണക്കടത്ത് തുടങ്ങിയവയുമായി സമാന്തര എക്സ്ചേഞ്ചുകളുടെ പ്രവർത്തനത്തിന് ബന്ധമുണ്ടെന്ന ആരോപണവും കോടതി കണക്കിലെടുത്തു. കേസുമായി ബന്ധപ്പെട്ട് കാടാമ്പുഴ സ്വദേശി ഇബ്രാഹിം പുല്ലാട്ടിലിനെ ബെംഗളൂരുവിൽ പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ ടെലിഫോൺ എക്സ്ചേഞ്ച് പാകിസ്താൻ, ബംഗ്ളാദേശ്, ചൈന എന്നീ രാജ്യങ്ങളിലെ പൗരന്മാർ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ഇബ്രാഹിം പുല്ലാട്ടിന് 168 പാക് പൗരന്മാരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും അറിയിച്ചു. ഇയാളുടെ എക്സ്ചേഞ്ചിൽ ഉപയോഗിച്ചിരുന്ന സോഫ്റ്റ് സ്വിച്ചിന്റെ ക്ളൗഡ് സെർവർ ചൈനയിലാണെന്നും ബോധിപ്പിച്ചു. കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളിൽ ഉപയോഗിച്ചിരുന്ന സോഫ്റ്റ് സ്വിച്ചിന്റെ ക്ലൗഡ് സെർവറും ചൈനയിലായിരുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഹാനികരമാകുന്ന പ്രവർത്തനങ്ങളാണ് പിന്നിലെന്ന് കരുതാൻ പ്രഥമദൃഷ്ട്യാ വസ്തുതകളുണ്ടെന്നും കോടതി വിലയിരുത്തി.
അറസ്റ്റ് ചെയ്യാത്തത് ചൂണ്ടിക്കാട്ടി പോലീസ് മേധാവിക്ക് കത്ത്
കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ ഹൈക്കോടതി രണ്ടുമാസംമുമ്പു ജാമ്യാപേക്ഷ തള്ളിയിട്ടും നാലാംപ്രതി അബ്ദുൽ ഗഫൂറിനെ അറസ്റ്റുചെയ്യാത്തതു ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഓഫീസിൽനിന്നു സംസ്ഥാന പോലീസ് മേധാവിക്കു കത്തുനൽകി.
എക്സ്ചേഞ്ച് നടത്തിപ്പിന്റെ ബുദ്ധികേന്ദ്രങ്ങളിലൊരാളായ അബ്ദുൽ ഗഫൂറിനെ എത്രയും വേഗം അറസ്റ്റുചെയ്യണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Content Highlights:Parallel telephone exchange in Kozhikode a threat for national security says Kerala Highcourt