കൊച്ചി: ദിനപത്രങ്ങളുടെയും വാർത്താ മാധ്യമങ്ങളുടെയും അന്തർ ദേശീയ സംഘടനയായ വാൻ ഇഫ്രയുടെ സൗത്ത് ഏഷ്യ ഡിജിറ്റൽ മീഡിയ പുരസ്കാരങ്ങളിൽ രണ്ടെണ്ണംമാതൃഭൂമിക്ക്. പോഡ്കാസ്റ്റ്/ഡിജിറ്റൽ ഓഡിയോ പ്രൊഡക്ഷൻ, ഡാറ്റാ വിഷ്വലൈസേഷൻ വിഭാഗങ്ങളിലാണ് മാതൃഭൂമിക്ക് പുരസ്കാരങ്ങൾ ലഭിച്ചത്.
പോഡ്കാസ്റ്റ്/ഡിജിറ്റൽ ഓഡിയോ പ്രൊഡക്ഷൻ വിഭാഗത്തിൽ ക്ലബ് എഫ്എമ്മിന് വെള്ളി മെഡലും ഡാറ്റാ വിഷ്വലൈസേഷൻ വിഭാഗത്തിൽ മാതൃഭൂമി ഡോട്ട് കോമിന് വെങ്കല മെഡലുമാണ് ലഭിച്ചത്. 2021ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് കവറേജിനാണ് മാതൃഭൂമി ഡോട്ട് കോമിന് പുരസ്കാരം ലഭിച്ചത്.
വളർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ ഡിജിറ്റൽ ലോകത്തിൽ ഒരു ചുവടുകൂടി അടുക്കാൻ കഠിനമായി പരിശ്രമിക്കുന്ന സമയത്താണ് ഈ അംഗീകാരം ലഭിച്ചതെന്ന് മാതൃഭൂമി ഡിജിറ്റൽ ബിസിനസ് ഡയറക്ടർ മയൂര ശ്രേയാംസ് കുമാർ പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ മാതൃഭൂമിയുടെ ശ്രമങ്ങൾ അംഗീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്. മുന്നോട്ടുള്ള പാതയിൽ ഇതേ ആവേശം നിലനിർത്താൻ ഇത് മാതൃഭൂമിയെ സഹായിക്കുമെന്നും അവർ പറഞ്ഞു.
നല്ല വെബ്സൈറ്റ്, ന്യൂസ് ലെറ്റർ, നേറ്റീവ് അഡ്വർട്രൈസിങ്/ബ്രാന്റഡ് കണ്ടന്റ്, പോഡ്കാസ്റ്റ്/ഡിജിറ്റൽ ഓഡിയോ പ്രൊഡക്ഷൻ എന്നിങ്ങനെ പത്ത് വിഭാഗങ്ങളിലാണ് പുരസ്കാരം നൽകുന്നത്.
Content Highlights: Mathrubhumi Group Wins 2 Accolades at WAN-IFRA South Asia Digital Awards 2021















