തിരുവനന്തപുരം> തൊഴിലാളികളുടെ പരാതികളിലും, അപേക്ഷകളിലും ഉടനടി നടപടി സ്വീകരിക്കുന്നതിന് ക്ഷേമനിധി ബോർഡുകൾ തയ്യാറാവണമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പൊതു ജനങ്ങൾ പരാതി നൽകിയാൽ ഉടനടി പരിഹരിക്കപ്പെടും എന്ന ബോധ്യം ഉറപ്പുവരുത്താൻ ബോർഡ് ഓഫീസുകൾക്ക് കഴിയണം. എല്ലാ ഓഫീസുകളിലും ലാന്റ് ഫോൺ സൗകര്യമുണ്ടാവണം. തൊഴിലാളി സൗഹൃദമാകണം ഓഫീസുകളെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ചേർന്ന ക്ഷേമനിധിബോർഡ് ചെയർമാൻമാരുടെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ അസംഘടിത-പരമ്പരാഗത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായിട്ടാണ് വിവിധ ക്ഷേമപദ്ധതികൾ ആവിഷ്കരിച്ചത്. സംസ്ഥാനത്ത്, തൊഴിൽ വകുപ്പിന്റെ കീഴിൽ 16 ക്ഷേമനിധി ബോർഡുകൾ നിലവിലുണ്ട്. ഈ ക്ഷേമനിധി ബോർഡുകളിലായി ഏകദേശം 70 ലക്ഷത്തോളം തൊഴിലാളികൾ അംഗങ്ങളായിട്ടുണ്ട്. അതിൽ പെൻഷനേഴ്സും ഉൾപ്പെടുന്നു. ചില ക്ഷേമനിധി ബോർഡുകളിൽ, അനർഹരായ ഒട്ടേറെപേർ അംഗങ്ങളായിട്ടുണ്ട്. ഈ അവസ്ഥ ക്ഷേമനിധി ബോർഡുകളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നുണ്ട്. ഈ പ്രശ്നം ഗൗരവമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. അർഹരായവർ മാത്രമാണ് ക്ഷേമപദ്ധതികളിൽ അംഗത്വമെടുക്കുന്നത് എന്ന് ഉറപ്പ് വരുത്താനാവണം.
ക്ഷേമനിധി ബോർഡുകളിലെ അംഗത്വം വർദ്ധിപ്പിക്കുന്നതിനായി ഓരോ ക്ഷേമനിധിബോർഡുകളും സ്പെഷ്യൽ ഡ്രൈവുകളും ക്യാമ്പയിനുകളും സംഘടിപ്പിക്കണം. ക്ഷേമപദ്ധതികൾ കൂടുതൽ ആകർഷകമാക്കാൻ, വരുമാനം വർദ്ധിപ്പിക്കേണ്ടതുണ്ട്. മിക്കവാറും എല്ലാ ബോർഡുകളിലും തൊഴിലാളികൾക്ക് നൽകിവരുന്ന ആനുകൂല്യങ്ങൾ പൊതുസ്വഭാവമുള്ളതാണ്. ബോർഡുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിലൂടെയും വരുമാന വർദ്ധനവിലൂടെയും സ്വന്തം കാലിൽ നിൽക്കുന്നതിനുള്ള പ്രാപ്തി ബോർഡുകൾ കൈവരിക്കേണ്ടതുണ്ട്. തൊഴിലാളികൾക്ക് നൽകുന്ന വിവിധ ആനുകൂല്യങ്ങൾ കാലോചിതമായി എങ്ങനെ പരിഷ്കരിക്കാനാകും എന്ന് വസ്തുനിഷ്ഠമായി പരിശോധിക്കേണ്ടതാണ്.
നിലവിലുള്ള ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. ക്ഷേമപദ്ധതിയിൽ, അർഹരായ അംഗങ്ങളെ ചേർക്കുന്നതിലും, വിഹിതം പിരിച്ചെടുക്കുന്നതിലും, ചില ക്ഷേമനിധി ബോർഡുകളിലെ ഓഫീസർമാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. ഈ നിലപാട് തിരുത്തിയേ പറ്റൂവെന്നും മന്ത്രി വ്യക്തമാക്കി. ക്ഷേമനിധി ബോർഡുകളിൽ ഇരട്ട അംഗത്വം ഒഴിവാക്കുന്നതിന് ഉദ്യോഗസ്ഥർ അടിയന്തിര നടപടികൾ സ്വീകരിക്കണം. ഇതിനായി ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന തൊഴിലാളികളുടെ വിവരശേഖരണം നടത്തണം. ക്ഷേമനിധി ബോർഡുകൾ വഴി അർഹതപ്പെട്ടവർക്ക് ആനുകൂല്യം കിട്ടുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം. ബോർഡുകൾ വഴി നൽകുന്ന ആനുകൂല്യങ്ങൾ സംബന്ധിച്ച് തൊഴിലാളികളിൽ അവബോധം ഉണ്ടാക്കണം.
തൊഴിൽ വകുപ്പിനു കീഴിലുള്ള 16 ബോർഡുകൾക്ക് കൂടി ഒരു കേന്ദ്രീകൃത സോഫ്റ്റ് വെയർ സംവിധാനം നടപ്പാക്കും. ഈ സോഫ്റ്റ് വെയർ പൂർണമായും പ്രവർത്തനക്ഷമമാകുന്നതോടെ അംഗങ്ങളുടെ ഇരട്ടിപ്പ് ഒഴിവാക്കാനും ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകാനും ക്ഷേമനിധി ബോർഡുകൾക്ക് സാധിക്കും. ഇതിന്റെ പ്രവർത്തനം വേഗത്തിലാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. യാത്രാരംഗത്തുണ്ടാകുന്ന വിപ്ലവകരമായ ഒരു ചുവടുവെപ്പാണ് കേരള സർക്കാരിന്റെ ഓൺലൈൻ ടാക്സി സംവിധാനം. കേരളത്തിൽ ഓല, യൂബർ എന്നീ കമ്പനികൾ ഓൺലൈൻ ടാക്സി സർവ്വീസ് നടത്തുന്നുണ്ട്. അതുപോലെ കേരള സർക്കാരും കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ടി.ഐ. ലിമിറ്റഡുമായി സഹകരിച്ച് “കേരള സവാരി” എന്ന പേരിൽ ഓൺലൈൻ ടാക്സി പദ്ധതി നടപ്പിലാക്കുന്നതിനും ഓൺലൈൻ ടാക്സിയുടെ പൈലറ്റ് പദ്ധതി 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം ജില്ലയിൽ ആരംഭിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ മോട്ടോർ തൊഴിലാളികൾക്ക് ഏറ്റവും ആദായകരവും യാത്രക്കാർക്ക് സുരക്ഷിതത്വവും പ്രയോജനപ്രദവുമായിരിക്കും ഈ പദ്ധതി.
ക്ഷേമനിധി ബോർഡിലെ ഉദ്യോഗസ്ഥൻമാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്ന ആക്ഷേപം ഉണ്ട്. അവ അടിയന്തിരമായി പരിഹരിക്കണം. തൊഴിലാളികൾക്ക് പാസ് ബുക്കും, പണമടച്ചതിന്റെ രേഖകളും യഥാസമയം നൽകണം. ക്ഷേമനിധി ബോർഡ് ഓഫീസുകൾ തൊഴിലാളി സൗഹൃദമാകണം. ഇതിനനുസരിച്ചുള്ള നടപടികൾ കൈക്കൊള്ളാൻ ഉദ്യോഗസ്ഥൻമാർ തയ്യാറാവണം. തൊഴിലാളികളുടെ വിഹിതവും, തൊഴിലാളികൾക്കായി തൊഴിലുടമ നൽകേണ്ട വിഹിതവും ചേർന്നതാണ് ക്ഷേമനിധി ബോർഡുകളുടെ വരുമാനം. ഈ വരുമാനത്തിൽ നിന്നാണ് ബോർഡിലെ ഉദ്യോഗസ്ഥൻമാർക്ക് ശമ്പളം നൽകുന്നത്. ഈ ഉദ്യോഗസ്ഥൻമാർ, തൊഴിലാളികളോട് പ്രതിബദ്ധത ഉള്ളവരാകണം. ക്ഷേമനിധി ഓഫീസിൽ ഓരോ ആവശ്യത്തിന് വരുന്ന തൊഴിലാളികളോട് മാന്യമായി പെരുമാറണം. അവരുടെ പ്രശ്നങ്ങൾ വേഗത്തിൽ തീർപ്പാക്കണം. ക്ഷേമപദ്ധതികളിൽ നിന്നുള്ള വിവിധ ആനുകൂല്യങ്ങൾ, പെൻഷൻ എന്നിവ വേഗത്തിൽ നൽകണം.
ഓരോ ബോർഡിന്റെയും നിലവിലുള്ള അവസ്ഥ, പദ്ധതിയും ആനുകൂല്യങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ, ബോർഡുകളിൽ നടപ്പാക്കാൻ പറ്റുന്ന നവീന ആശയങ്ങൾ എന്നിവ സംബന്ധിച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ ഒരു മാസത്തിനകം സർക്കാരിന് റിപ്പോർട്ട് നൽകണം. പ്രസ്തുത നിർദ്ദേശങ്ങൾ പഠിച്ചശേഷം, ഉചിതമായ തീരുമാനം സർക്കാർ കൈക്കൊള്ളും. ഓരോ ക്ഷേമനിധി ബോർഡുകളുടെയും യോഗം പ്രത്യേകം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും. സംസ്ഥാനത്തെ തൊഴിലാളികളുടെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കുക എന്നതാണ് സർക്കാർ നയം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്നത് അസംഘടിത – പരമ്പരാഗത മേഖലകളിലാണ്. നിരവധിയായ പ്രശ്നങ്ങൾ ഈ മേഖല നേരിടുന്നുണ്ട്. കോവിഡ്-19 വ്യാപനം ഈ മേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ മേഖലയിലെ തൊഴിൽ സംരക്ഷിക്കാൻ സാധ്യമാവുന്ന എല്ലാ നടപടികളും സ്വീകരിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വി. ശിവകുട്ടി കൂട്ടിച്ചേർത്തു.