ഇടുക്കി: ചിരിച്ചും പാട്ടുപാടിയും നടന്ന പ്രിയപ്പെട്ട കൂട്ടുകാരൻ. അവൻ ചോരയിൽ കുളിച്ചുകിടക്കുന്ന കാഴ്ചകണ്ട ഞെട്ടലിലായിരുന്നു ഇടുക്കി എൻജിനിയറിങ് കോളേജിലെ വിദ്യാർഥികൾ.
എങ്കിലും അവൻ രക്ഷപ്പെട്ട് തിരിച്ചുവരുമെന്ന് അവർ പ്രതീക്ഷിച്ചു. എന്നാൽ, അവൻ എല്ലാവരെയും വിട്ട് യാത്രയായി. എസ്.എഫ്.ഐ. നേതാവും കോളേജിലെ വിദ്യാർഥിയുമായ ധീരജ് കൊലക്കത്തിക്ക് ഇരയായെന്ന് സഹപാഠികൾക്ക് ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.
2000-ത്തിൽ പ്രവർത്തനമാരംഭിച്ച ഇടുക്കി പൈനാവ് എൻജിനിയറിങ് കോളേജിൽ രാഷ്ട്രീയ തർക്കങ്ങൾ നടക്കാറുണ്ടെങ്കിലും ആയുധം ഉപയോഗിച്ചുള്ള സംഘർഷങ്ങൾ നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. 1200-ഓളം വിദ്യാർഥികൾ പഠിക്കുന്ന കാമ്പസിൽ വ്യത്യസ്ത രാഷ്ട്രീയം പിന്തുടരുന്നവരുണ്ടെങ്കിലും കലാലയ മുറ്റത്ത് അവരൊന്നായിരുന്നു. കോളേജ് കാമ്പസിനുള്ളിലുടലെടുക്കുന്ന പ്രശ്നങ്ങൾ അവിടെത്തന്നെ തീർന്നിരുന്നു. എന്നാൽ ഈ സംഭവം അധ്യാപകരെയും ഞെട്ടിക്കുന്നതായിരുന്നു.
മരണവിവരം അറിഞ്ഞതോടെ സി.പി.എം. നേതാക്കളും എസ്.എഫ്.ഐ. പ്രവർത്തകരും ഒന്നടങ്കം ആശുപത്രിയിലേക്ക് ഒഴുകിയെത്തി. പരിക്കേറ്റു എന്ന് മാത്രമാണ് എല്ലാവരും കരുതിയത്. ആശുപത്രിയിൽ നിന്നറിഞ്ഞ വാർത്ത ഹൃദയഭേദകമായിരുന്നു.
പലരും ധീരജിന്റെ പേരെടുത്ത് പറഞ്ഞ് കരയുന്നുണ്ടായിരുന്നു. ചിലർ വിശ്വസിക്കാൻ കഴിയാതെ സ്തംഭിച്ചുനിന്നു. രാത്രി വൈകിയും ധീരജിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിക്ക് മുന്നിൽ പലരും കാത്തുനിൽക്കുന്നതും കാണാമായിരുന്നു. തങ്ങളുടെ സുഹൃത്തിനെ ഉപേക്ഷിച്ച് എങ്ങനെ പോകുമെന്നായിരുന്നു ഇവരുടെ ചോദ്യം.
ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ, എം.എം.മണി എം.എൽ.എ., സി.പി.എം. ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ തുടങ്ങിയ നിരവധി ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും സ്ഥലത്തെത്തി വിദ്യാർഥികളെ നിയന്ത്രിക്കുകയും സമാധാനിപ്പിക്കുകയും ചെയ്തു.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. പി.ടി.ആന്റണി, ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. തോമസ് എന്നിവർ ക്രമസമാധാനപാലനത്തിനു നേതൃത്വം നൽകി.
ഇടുക്കിയിലെ ആദ്യ കാമ്പസ് കൊലപാതകം
ചെറുതോണി: ജില്ലയിൽ കാമ്പസുകളിൽ രാഷ്ട്രീയ സംഘർഷങ്ങൾ പലതുമുണ്ടായിട്ടുണ്ടെങ്കിലും വിദ്യാർഥി കൊല്ലപ്പെടുന്നത് ആദ്യമാണ്. കൺമുന്നിൽ കൂട്ടുകാരൻ കുത്തേറ്റ് വീഴുന്നതുകണ്ട പൈനാവ് ഗവ. എൻജിനീയറിങ് കോളേജിലെ സഹപാഠികളും നടുക്കത്തിലാണ്.
2000-ത്തിൽ പ്രവർത്തനമാരംഭിച്ച ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിൽ രാഷ്ട്രീയ തർക്കങ്ങൾ നടക്കാറുണ്ടെങ്കിലും ആയുധം ഉപയോഗിച്ചുള്ള സംഘർഷങ്ങൾ നടന്നിട്ടില്ലെന്ന് ജീവനക്കാർ ഓർമിക്കുന്നു. 1200-ഓളം വിദ്യാർഥികൾ പഠിക്കുന്ന കാമ്പസിൽ വ്യത്യസ്ത രാഷ്ട്രീയം പിന്തുടരുന്നവരുണ്ടെങ്കിലും കലാലയമുറ്റത്ത് അവരൊന്നായിരുന്നു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് മാത്രമാണ് അവർക്കിടയിൽ ചൂടുള്ള രാഷ്ട്രീയ ചർച്ചകൾ ഉടലെടുത്തിരുന്നത്. കാമ്പസിനുള്ളിലുടലെടുക്കുന്ന പ്രശ്നങ്ങൾ അവിടെത്തന്നെ തീർന്നിരുന്നു. ഈ വർഷം ഇടുക്കി എൻജിനീയറിങ് കോളേജിൽ കാര്യമായ തർക്കങ്ങൾപോലും ഉണ്ടായിരുന്നില്ലെന്ന് ജീവനക്കാർ പറഞ്ഞു. കാമ്പസിനുള്ളിലുടലെടുക്കുന്ന പ്രശ്നങ്ങൾ അവിടെത്തന്നെ തീർന്നിരുന്നു.