പത്തനംതിട്ട: എസ്.എഫ്.ഐ. പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സംഘർഷം. മുസലിയാർ കോളേജിൽ പ്രകടനം നടത്തിയ എസ്.എഫ്.ഐ. പ്രവർത്തകർ കെ.എസ്.യുവിന്റെ കൊടിമരം നശിപ്പിച്ചു. തുടർന്ന് പോലീസും എസ്.എഫ്.ഐ. പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ഇന്ന് പത്തനംതിട്ടയിലെ വിവിധ കോളേജുകളിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നു. പല കോളേജുകളിലും എസ്.എഫ്.ഐ. ആണ് വിജയിച്ചത്. മുസലിയാർ കോളേജിലും എസ്.എഫ്.ഐയാണ് വിജയിച്ചത്. എന്നാൽ വിജയാഘോഷത്തിനു പകരം എസ്.എഫ്.ഐ. പ്രതിഷേധ പ്രകടനമാണ് നടത്തിയത്. ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
കെ.എസ്.യുവിനെതിരെ പ്രതിഷേധ പ്രകടനവുമായി കോളേജിനുള്ളിൽനിന്ന് ഒരുസംഘം എസ്.എഫ്.ഐ. പ്രവർത്തകർ പുറത്തേക്ക് വരികയായിരുന്നു. തുടർന്ന് പുറത്തെത്തിയ വിദ്യാർഥികൾ അവിടെ ഉണ്ടായിരുന്ന കെ.എസ്.യുവിന്റെ കൊടിമരവും കൊടിയും നശിപ്പിക്കാൻ ശ്രമിച്ചു. ഇത് അവിടെ ക്യാമ്പ് ചെയ്തിരുന്ന പോലീസുകാർ തടഞ്ഞു. ഇതോടെ പോലീസും എസ്.എഫ്.ഐ. പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പോലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കിയതോടെ വിദ്യാർഥികൾ സ്ഥലത്തുനിന്ന് മടങ്ങി. നിലവിൽ പ്രദേശത്ത് സംഘർഷ സാധ്യതയില്ല. പോലീസ് ഇവിടെ ക്യാമ്പ് ചെയ്യുന്നുമുണ്ട്.
content highlights:sfi stages protest march in pathanamthitta, attempt to destroy ksu flagpole















