തിരുവനന്തപുരം> എസ്എഫ്ഐ പ്രവര്ത്തകന് ധീരജിന്റെ കൊലപാതകം അത്യന്തം പ്രതിഷേധാര്ഹവും ദുഖകരവുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തെരഞ്ഞെടുപ്പില് പരാജയം ഉറപ്പായപ്പോള് പുറത്തുനിന്നെത്തിയ യൂത്ത് കോണ്ഗ്രസുകാരാണ് എസ്എഫ് ഐ പ്രവര്ത്തകരെ ആക്രമിച്ചത്. കലാലയങ്ങളെ സംഘര്ഷഭൂമിയാക്കി പേരെടുക്കാനാണ് തങ്ങള്ക്കുണ്ടായ തകര്ച്ചയിലൂടെ അവര് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
കെപിസിസി പ്രസിഡന്റായി കെ സുധാകരന് വന്നതിന് ശേഷം സംസ്ഥാനത്താകെയുള്ള കോണ്ഗ്രസ് അണികളെ അക്രമത്തിന് വേണ്ടി തള്ളിവിടുന്ന പ്രകോപനപരമായ നിലപാടാണ് സ്വീകരിക്കുന്നത്. അതിന്റെ ഭാഗമാണ് ഇപ്പോള് നടന്ന സംഭവം. ആറ് കൊല്ലത്തിനിടയില് 21-ാമത്തെ സിപിഐ എം പ്രവര്ത്തകനാണ് കൊലചെയ്യപ്പെടുന്നത്. തുടര്ച്ചയായി ബിജെപി, കോണ്ഗ്രസ്, എസ്ഡിപിഐ എന്നിവരാണ് 21 പേരെ കൊന്നത്. ഇനിയെങ്കിലും കൊലക്കത്തി താഴെവക്കണം. കേരളത്തില് ക്രമസമാധാന തകര്ച്ചയാണെന്ന അവരുടെ പ്രചരണത്തിന് ആക്കം കൂട്ടുവാനാണ് ഇടുക്കി സംഭവം ഇത്തരത്തില് ആസൂത്രണം ചെയ്തത്. ഇതില് പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തുടനീളം സിപിഐ എം പ്രതിഷേധ പരിപാടികള് സംഘടിപ്പിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
നേതൃത്വം അറിഞ്ഞ് നടത്തിയ കൊലപാതകമാണ്. പെട്ടെന്നുള്ള ചിന്തയുടെ ഭാഗമായുണ്ടായതല്ല. ഇനി യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പ് നടക്കാന് പോവുകയാണ്. അതെല്ലാം ഇത്തരത്തില് അക്രമം കൊണ്ട് പിടിച്ചടക്കാമെന്ന ധാരണ കോണ്ഗ്രസിന് വേണ്ട. ഈ കൊലപാതകം അവരെ കൂടുതല് ജനത്തിനിടയില് നിന്നും ഒറ്റപ്പെടുത്തുകയാണെന്നും കോടിയേരി പറഞ്ഞു















