എം കേളപ്പൻ നഗർ(കോഴിക്കോട്)> മൂന്നാമതും ബിജെപി അധികാരത്തിൽ വരുന്നത് തടയാൻ മതനിരപേക്ഷ ജനാധിപത്യശക്തികളുടെ കൂട്ടായ്മ എന്നതാണ് സിപിഐ എം നയമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ബിജെപിക്ക് ബദൽ കോൺഗ്രസല്ല . മതനിരപേക്ഷ ജനാധിപത്യശക്തികൾ ബിജെപിക്ക് ബദലായി ഇടതുപക്ഷത്തെ ഉറ്റുനോക്കുകയാണ്. ഇതിനനുസൃതമായി ഓരോസംസ്ഥാനത്തും ബിജെപിയെ തോൽപിക്കാനുള്ള അടുവനയമാണ് പാർടി സ്വീകരിക്കുക. അടുത്തമാസം പുറത്തിറക്കുന്ന കരട് രാഷ്ട്രീയപ്രമേയത്തിൽ ഇക്കാര്യം വ്യക്തമാക്കും.
കോർപറേറ്റ് –- വർഗീയ ഭരണമാണിന്ന് നടക്കുന്നത്. അടുത്ത ലോകസഭാതെരഞ്ഞെടുപ്പിലും ബിജെപി ജയിച്ചാൽ രാജ്യത്തിന്റെ സർവ്വനാശമാകും. ബിജെപിയെ പരാജയപ്പെടുത്താനായതെല്ലാം സി പി ഐ എം ചെയ്യും. മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് നിലപാട് ബിജെപിക്ക് ബദലല്ല. ആർഎസ്എസിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രതിരോധിക്കുന്നതിൽ കോൺഗ്രസ് പരാജയമാണ്. ഇന്ത്യ ഹിന്ദുക്കൾ ഭരിക്കണം എന്ന രാഹുൽഗാന്ധിയുടെ ജയ്പൂർ പ്രസംഗവും ഇത് തെളിയിക്കുന്നു.
കോൺഗ്രസ് വിമുക്തമല്ല തങ്ങളുടെ ലക്ഷ്യമെന്ന ആർ എസ് എസ് മേധാവി മോഹൻഭഗവതിന്റെ പ്രസംഗം ഇതൊന്നിച്ച് വായിക്കണം. ഹിന്ദുക്കളുടെ രണ്ട്പാർടിയിൽ ഒന്ന് ബിജെപിയും രണ്ടാമത്തേത് കോൺഗ്രസുമെന്നാണ് ആർ എസ് എസ് നേതാവ് പറഞ്ഞത്. കോർപറേറ്റുകൾക്കായി നിലകൊള്ളുന്നതിലും ബിജെപിക്കും കോൺഗ്രസിനും ഒരേ നയമാണ്. 11 സംസ്ഥാനങ്ങൾ ഭരിക്കുന്നത് കോൺഗ്രസ് –-ബിജെപി ഇതര കക്ഷികളാണ്. ഏഴിടത്ത് പ്രാദേശികകക്ഷികളാണ് നിർണായകം. ഈ പ്രധാനഘടകത്തെ മതനിരപേക്ഷ –-ഇടതുപക്ഷ ശക്തികൾക്കൊപ്പം അണിനിരത്തി ബദൽ ശക്തമാക്കാനാകും. 2004–-ൽ വാജ്പേയി സർക്കാരിനെ പുറത്താക്കിയത് ഇതിന് തെളിവായുണ്ട്.