കൊച്ചി > അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ ദിലീപിന്റെ സഹോദരൻ അനൂപും സഹോദരി ഭർത്താവും മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തതാണ് പുതിയ കേസ്.
ദിലീപ് വീട്ടിൽവെച്ച് സഹോദരൻ അടക്കമുള്ളവരോട് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞതായി ബാലചന്ദ്രകുമാർ സ്വകാര്യചാനൽ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥരോട് ആവർത്തിക്കുകയും ചെയ്തു.
ശബ്ദരേഖയും ഫോൺ റെക്കോഡുകളും തെളിവായി ശേഖരിച്ച ക്രൈംബ്രാഞ്ച് ദിലീപ്, സഹോദരന് അനൂപ്. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ്, അപ്പു, ബാബു ചെങ്ങമനാട്, ആറാം പ്രതിയായി കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവർക്കെതിരെയാണ് കേസെടുത്തത്.