സ്കൂളുകളിൽ കൂടുതൽ ജാഗ്രത പുലർത്തി നിലവിലുള്ള ക്ലാസ് രീതികൾ തുടരും. സ്കൂൾ അടയ്ക്കണോ എന്ന കാര്യത്തിൽ അടുത്ത അവലോകന യോഗത്തിൽ തീരുമാനം സ്വീകരിക്കാമെന്നും യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്ത് വാരാന്ത്യ, രാത്രികാല കർഫ്യൂ ഉണ്ടാവില്ല. പൊതു, സ്വകാര്യ പരിപാടികളിൽ ആൾക്കൂട നിയന്ത്രണം കൂടുതൽ കർശനമാക്കും.
ഓഫീസുകളുടെ പ്രവർത്തനം പരമാവധി ഓൺലൈൻ മുഖേനെയാക്കും. വിവാഹ, മരണ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി കുറച്ചു. നിലവിലുള്ള സ്ഥിതി തുടരാനാണ് ഇന്ന് ചേർന്ന യോഗത്തിൽ പ്രധാനമായും ധാരണയായത്. അടുത്ത അവലോകന യോഗത്തിൽ മാത്രമാകും കൂടുതൽ നിയന്ത്രണം വേണോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുക.
അതേസമയം, രാജ്യത്തെ ഒമിക്രോൺ കേസുകൾ 4,033 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകളിലാണ് പുതിയ വിവരങ്ങളുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,723 പുതിയ കൊവിഡ്-19 കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3.57 കോടിയായി.
കൊവിഡ് കേസുകൾ ഉയർന്നതോടെ കഴിഞ്ഞ ദിവസത്തേക്കാൾ 12.5 ശതമാനം കൂടുതലാണ്. 146 കൊവിഡ് മരണങ്ങളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 44,388 പുതിയ കേസുകളാണ് ഇവിടെ പുതിയതായി റിപ്പോർട്ട് ചെയ്തത്. 2,02,259 രോഗികളാണ് നിലവിൽ മഹാരാഷ്ട്രയിലുള്ളത്.