മലപ്പുറം> ഞായർ പകൽ അസമിലെ റോയൽ ഗ്ലോബൽ സർവകലാശാലാ സ്റ്റേഡിയത്തിൽ അഖിലേന്ത്യാ അന്തർ
ഡോ.മുഹമ്മദ് നജീബ്
സർവകലാശാല കപ്പുയർത്തുമ്പോൾ കലിക്കറ്റിന്റെ ബേസ് ബോൾ വനിതാ ടീം താരങ്ങളുടെ കണ്ണുനിറഞ്ഞിരുന്നു. അത് ആനന്ദക്കണ്ണീർ മാത്രമായിരുന്നില്ല, ടീം മാനേജറായി ഒപ്പമുണ്ടാകേണ്ടിയിരുന്ന ഡോ. മുഹമ്മദ് നജീബിന്റെ അപ്രതീക്ഷിത വേർപാടിലുള്ള വേദനകൂടിയായിരുന്നു. രണ്ടാം തീയതി വൈകിട്ട് അസമിലേക്ക് പുറപ്പെടാൻ തുടങ്ങുന്നതിന് ഏതാനും മണിക്കൂർമുമ്പാണ് ടീം മാനേജറായ ഡോ. മുഹമ്മദ് നജീബ് ചാലിയാറിൽ മുങ്ങിമരിക്കുന്നത്.
ആ വേർപാടിന്റെ ആഘാതം മാറുംമുമ്പേ താരങ്ങൾക്ക് വണ്ടി കയറേണ്ടി വന്നു. എന്നാൽ, തളർന്നിരിക്കാൻ അവർ തയ്യാറായിരുന്നില്ല. പ്രിയപ്പെട്ട ഗുരുനാഥന് കിരീടത്തിലൂടെ ദക്ഷിണ നൽകുകയാണ് കലിക്കറ്റിന്റെ വനിതാ താരങ്ങൾ ചെയ്തത്. കണ്ണൂർ സ്വദേശിയും നിലമ്പൂർ അമൽ കോളേജ് കായികവിഭാഗം അധ്യാപകനുമായിരുന്നു ഡോ. മുഹമ്മദ് നജീബ്. കിരീടം നേടിയശേഷം താരങ്ങൾ പറഞ്ഞത് ഇത്രമാത്രം–- ‘ഈ കിരീടം നജീബ് സാറിനുള്ളതാണ്’.
സെമിയിലെത്തിയ പുണെ, കേരള, അമരാവതി സർവകലാശാലകളെ ഏകപക്ഷീയമായി കീഴടക്കിയാണ് കലിക്കറ്റ് കിരീടം ചൂടിയത്.
ടീം അംഗങ്ങൾ: ചെൽസിയ ജോൺസൺ (ക്യാപ്റ്റൻ), പി ജെ മേരി അക്ഷയ (കലിക്കറ്റ് സർവകലാശാല സെന്റർ ഫോർ ഫിസിക്കൽ എഡ്യുക്കേഷൻ), എ കെ അഭിലാഷ, എം എസ് ശ്രുതി, സി കെ അതുല്യ, സന ജിൻസിയാ, ഫിദ, ഹാഷിഷ രഹ്ന, നാസിന ഷെറിൻ (ഫാറൂഖ് കോളേജ്), ഒ ബിൻഷ, കെ അനഘ, എം ആര്യ, എം സാന്ദ്ര, ടി സ്നേഹ (വിമല കോളേജ്, തൃശൂർ), സി വി നുസൈബത്ത് (ഫാറൂഖ് ട്രെയിനിങ് കോളേജ്), കെ കാവ്യ (മേഴ്സി കോളേജ്). പരിശീലകൻ: സുൽക്കിഫൽ പൂവ്വക്കാട്. മാനേജർ: എൻ ശിഹാബുദ്ദീൻ.