തിരുവനന്തപുരം
സിൽവർ ലൈൻ നിയമസഭയിൽ ചർച്ച ചെയ്തില്ലെന്ന് ആരോപിക്കുന്ന പ്രതിപക്ഷം സഭയിൽ അത്തരമൊരു ആവശ്യം ഉന്നയിച്ചില്ല. ഈ ആവശ്യമുന്നയിച്ച് പ്രതിപക്ഷത്തുനിന്ന് ആരും ചട്ടം 130 പ്രകാരം സ്പീക്കർക്ക് കത്ത് നൽകിയില്ല. ചട്ടം 50 പ്രകാരം ശൂന്യവേളയിൽ അടിയന്തരപ്രമേയത്തിനു മാത്രമാണ് നോട്ടീസ് നൽകിയത്.
സഭയിൽ ചർച്ച ചെയ്യാൻ ചട്ടം 130 പ്രകാരമാണ് നോട്ടീസ് നൽകേണ്ടത്. ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ ഏത് അംഗത്തിനും നോട്ടീസ് നൽകാം. ഇവ സ്പീക്കർ സഭയുടെ കാര്യോപദേശക സമിതിയിൽ തീരുമാനമെടുക്കും. അത്തരമൊരു നോട്ടീസ് സിൽവർലൈൻ വിഷയത്തില്‍ പ്രതിപക്ഷം നൽകിയിട്ടില്ല.
ഒക്ടോബർ 13ന് എം കെ മുനീർ അടിയന്തരപ്രമേയത്തിന് നൽകിയ നോട്ടീസിന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദമായി മറുപടി നൽകി. പാത സംബന്ധിച്ച 14 ചോദ്യത്തിന് ഉത്തരവും നൽകി.
എംഎൽഎമാർക്ക് പദ്ധതി വിശദീകരിച്ചു
നിയമസഭാംഗങ്ങളെ ഒഴിവാക്കി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രിക്കെതിരെ സംസാരിക്കുന്ന പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും എംഎൽഎമാർക്കായി നിയമസഭയിൽ കെ–- റെയിൽ സംഘടിപ്പിച്ച ചർച്ച വിസ്മരിക്കുന്നു. 2020 ഫെബ്രുവരി പത്തിനു നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ലോഞ്ചിലാണ് മുഴുവൻ എംഎൽഎമാർക്കുമായി പരിപാടി നടത്തിയത്. എം കെ മുനീർ അടക്കമുള്ളവർ മുഴുവൻ സമയവും പങ്കെടുത്തു.
സിൽവർ ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിലെ എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് കെ–- റെയിൽ എംഡി അജിത്കുമാർ മറുപടി നൽകി. ഇതെല്ലാം പ്രതിപക്ഷ നേതാവടക്കമുള്ളവർ മറച്ചുവയ്ക്കുകയാണ്.