തിരുവനന്തപുരം> കെ റെയില്‍ കേരളത്തിന്റെ വളര്‍ച്ചക്ക് അനിവാര്യമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ്. സംസ്ഥാനത്തിന്റെ മൊത്തം അഭ്യന്തര ഉല്പാദനത്തില് 70% സര്‍വ്വീസ് മേഖലയില്‍ നിന്നാണ്. കൃഷി 8 % വും വ്യവസായം 14% വുമാണ് സംഭാവന ചെയ്യുന്നത്. ലോകത്തെവിടെയും തൊഴില്‍ ചെയ്യാന്‍ സന്നദ്ധമായ ഉയര്‍ന്ന ഗുണനിലവാരവും വിദ്യാഭ്യാസ നിലവാരവുമുള്ള തൊഴില്‍ ശക്തിയാണ് കേരളത്തിനുള്ളത്. ഐടി – മെഡിസിന് – മാനേജ്മെന്റ് – എഞ്ചിനീയറിംങ്ങ് – ഗവേഷണ മേഖലകളില്‍ സേവന വ്യവസായങ്ങളില്‍ വലിയ വികസന സാദ്ധ്യതയുള്ളവരാണ് മലയാളികള്‍.
തൊഴിലാളിയുടെ അധ്വാനം അളക്കുന്നത് സമയത്തിലാണ്. കേരളത്തിനകത്ത് സമയം ലാഭിക്കാന്‍ സഹായിക്കുന്നു എന്നതാണ് കെ റെയില്‍ പദ്ധതിയുടെ പ്രാധാന്യം. 12 മണിക്കൂര്‍ യാത്ര ചെയ്യണ്ട ദൂരം 3 മണിക്കൂര്‍ 54 മിനിറ്റായി കുറക്കുന്നത് സാമൂഹ്യ സാമ്പത്തിക മേഖലയില്‍ വിപ്ളവകരവും ഗുണപരവുമായ മാറ്റമാണ് ഉണ്ടാക്കുക.
ആധുനിക വ്യവസായ സമൂഹത്തില്‍ സമയത്തിന്റെ പ്രാധാന്യം പരിഗണിക്കാതെയാണ് കെ. റെയില്‍ വിരുദ്ധ പ്രചാരണം. അത് കേരളത്തിലെ തൊഴിലാളിവര്‍ഗ – കര്‍ഷക വര്‍ഗ പ്രസ്ഥാനങ്ങള്‍ ശക്തമായി പ്രതിരോധിക്കണ്ടതാണ്.പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കല്‍ എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. വികസന പദ്ധതികള്‍ക്കായി സ്ഥലം ഏറ്റെടുക്കാന്‍ നിയമപരമായി പുന:രധിവാസം അംഗീകരിച്ച സംസ്ഥാനമാണ് കേരളം. സ്ഥലത്തിനും വീടിനും വില നിശ്ചയിച്ച് പകരം സംവിധാനം ഉറപ്പുവരുത്തുകയും ഉയര്‍ന്ന നഷ്ട പരിഹാരം നല്‍കുകയുമാണ് പദ്ധതിയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
കേരളത്തെ രണ്ടായി മതില് കെട്ടി വിഭജിക്കുന്നു, നീരൊഴുക്ക് തടയുന്നു എന്നീ വാദങ്ങള്‍ വൈകാരികമായി ഉന്നയിക്കുകയാണ്. ഉയര്‍ന്ന സാങ്കേതിക വിദ്യയിലൂടെ ഏറ്റവും കുറഞ്ഞ പാരിസ്ഥിതിക ആഘാതമാണ് എന്ന് ഉറപ്പുവരുത്തി പരിഹരിക്കാവുന്നതാണ് മേല്‍ വിമര്‍ശനങ്ങള്‍. മറുഭാഗത്ത് പരിസ്ഥിതി സംരക്ഷണത്തിനും വിഭവ സുരക്ഷക്കും വലിയ മുതല്‍ കൂട്ടാണ് കെ റെയില്‍ പദ്ധതി എന്നതാണ് യാഥാര്‍ഥ്യം.
കെ റെയില്‍ പദ്ധതി ഏറ്റെടുക്കാനുള്ള ശേഷിയുള്ളതാണ് കേരളത്തിന്റെ സമ്പദ്ഘടന. കെ റെയിലിനെതിരായ എതിര്‍പ്പ് വലതുപക്ഷ – അവസരവാദ രാഷ്ടിയത്തിന്റെ നിലനില്‍പ്പിന്റെ ഭാഗമാണ്.തെറ്റിദ്ധാരണയും സാമൂഹ്യ വികസനത്തെ സംബന്ധിച്ച വ്യക്തതക്കുറവും മൂലം പദ്ധതിയെക്കുറിച്ച് ആശങ്കയുള്ള വിഭാഗങ്ങളുമായി തുറന്ന ആശയ വിനിമയം നടത്തി വേണം പദ്ധതി നടപ്പിലാക്കാന്‍.
തൊഴിലാളി – കര്‍ഷക വിഭാഗങ്ങള്‍ക്കും വ്യവസായ വിപണന മേഖലകള്‍ക്കും ഗുണകരമായ പദ്ധതിയെ കക്ഷി രാഷ്ട്രീയ പരിഗണനയിലൂടെ എതിര്‍ക്കുന്നത് തുറന്നു കാണിക്കാനും പദ്ധതി നടപ്പിലാക്കാനും സാധിക്കണമെന്നും കൃഷ്ണപ്രസാദ് വ്യക്തമാക്കി .