കേസിൽ ഒന്നാം പ്രതി ഗോപാലകൃഷ്ണൻ എന്ന ദിലീപാണ്. രണ്ടാം പ്രതി ദിലീപിന്റെ സഹോദരൻ അനൂപാണ്. സഹോദരി ഭര്‍ത്താവായ സുരാജാണ് മൂന്നാം പ്രതി. നാലാം പ്രതി ബന്ധുവായ അപ്പു, അഞ്ചാം പ്രതി ബൈജു ചെങ്ങമണ്ട്, ആറാം പ്രതി ഇതുവരെ കണ്ടെത്താൻ സാധിക്കാത്ത വിഐപി എന്നിവരാണ് കേസിലെ പ്രതികൾ.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ്, സുദര്ശനൻ, സന്ധ്യ, സോജൻ എന്നിവര്‍ അനുഭവിക്കാൻ പോവുകയാണെന്ന് ദിലീപ് പറഞ്ഞതായി എഫ്ഐആര്‍ പറയുന്നു. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിൽ വെച്ചാണ് ഗൂഢാലോചന നടന്നത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് പോലീസ് സ്റ്റേഷനില്‍ 6/2022 ആയിട്ടാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി 116, 118, 120 ബി, 506, 34 എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ എട്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്ത വിരോധത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കേസിലെ പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്ര കുമാര്‍ ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് ഇക്കാര്യങ്ങൾ എഫ്ഐആറിൽ ചേര്‍ത്തിരിക്കുന്നത്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ചില ഓഡിയോ ക്ലിപ്പുകൾ പുറത്തുവന്നിരുന്നിരുന്നു. ഇതിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഭീഷണിയുള്ളത്.