നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെയും പ്രതിപ്പട്ടികയിലുള്ള ചിലരെയും ലോറിയിടിച്ചു കൊലപ്പെടുത്താൻ ശ്രമം നടന്നെന്നായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തൽ. ദിലീപിനെതിരെ സംവിധായകൻ നടത്തിയ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ കേരള ഹൈക്കോടതിയിൽ സാക്ഷികളുടെ പുനര്‍വിസ്താരവും ആവശ്യപ്പെട്ടിരുന്നു.
പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റര്‍ ചെയ്യാമെന്നു നിയമോപദേശം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ പുതിയ എഫ്ഐആര്‍. ഈ സാഹചര്യത്തിൽ ദിലീപിനെയും കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെയും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തേക്കും. ജയിലിൽ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്യാൻ കോടതിയിൽ പോലീസ് അപേക്ഷ നല്‍കും. ഇതുപ്രകാരം നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുമെന്ന് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
Also Read:
കേസിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സംവിധായകൻ ബാലചന്ദ്ര കുമാറിനെ പോലീസ് രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ച ഇദ്ദേഹത്തിൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുണ്ടെന്നു കരുതുന്ന മെമ്മറി കാര്‍ഡുമായി ദിലീപിൻ്റെ ഭാര്യ കാവ്യ മാധവൻ്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലെത്തിയ വിജീഷിനെയും മുഖ്യപ്രതിയായ പള്‍സര്‍ സുനിയെയും വീണ്ടും ചോദ്യം ചെയ്യാനാണ് ശ്രമം. ഇവരുമായി ദിലീപിനു ബന്ധമുണ്ടെന്നും ഈ ദൃശ്യങ്ങള്‍ ദിലീപിൻ്റെ കൈവശമുണ്ടെന്നുമുള്ള വെളിപ്പെടുത്തൽ കേസിൽ നിര്‍ണായകമാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.
Also Read:
ഈ മാസം 20നു മുന്നോടിയായി തുടരന്വേഷണ റിപ്പോര്‍ട്ട് നൽകാനാണ് വിചാരണക്കോടതി ക്രൈം ബ്രാഞ്ചിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ആക്രമണദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെടുക്കാൻ ക്രൈം ബ്രാഞ്ചിനു കഴിഞ്ഞിരുന്നില്ല. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണെന്നായിരുന്നു പോലീസ് കുറ്റപത്രത്തിൽ മുൻപ് വ്യക്തമാക്കിയത്. എന്നാൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുമെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിൽ വിചാരണ ആറുമാസം കൂടി നീട്ടി വെക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നും വിചാരണ മാറ്റി വെക്കണമെന്നുമുള്ള പ്രോസിക്യൂഷൻ്റെ ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസിൻ്റെ വിചാരണ നടപടികള്‍ക്കെതിരെ പ്രോസിക്യൂഷൻ നല്‍കിയ മറ്റൊരു ഹര്‍ജിയും കേരള ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കേസിലെ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജി വെച്ചതോടെ കേസിൻ്റെ വിസ്താരവും അനിശ്ചിതാവസ്ഥയിലാണ്.