യോണ്ടെ (കാമറൂൺ) > ആഫ്രിക്കയിൽ ഇന്ന് പന്തുരുളും. 33–-ാമത് ആഫ്രിക്കൻ നേഷൻസ് കപ്പിന് കിക്കോഫ്. ഉദ്ഘാടനമത്സരത്തിൽ ആതിഥേയരും അഞ്ചുവട്ടം ചാമ്പ്യൻമാരുമായ കാമറൂൺ ബുർകിന ഫാസോയെ നേരിടും. രാത്രി 9.30നാണ് മത്സരം. സോണി നെറ്റ്വർക്കിൽ തത്സമയം കാണാം. 12.30ന് അരങ്ങേറുന്ന രണ്ടാം മത്സരത്തിൽ എത്യോപ്യ കേപ് വെർദെയുമായി ഏറ്റുമുട്ടും. ആകെ 24 ടീമുകളാണ്. നാല് ടീമുകൾവീതം ആറ് ഗ്രൂപ്പുകളിലായാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ. അൾജീരിയയാണ് നിലവിലെ ജേതാക്കൾ. ഫെബ്രുവരി ഏഴിനാണ് ഫൈനൽ.
സ്വന്തംമണ്ണിൽ ആദ്യമായി കിരീടമുയർത്തുക എന്ന സ്വപ്നവുമായാണ് കാമറൂൺ എത്തുന്നത്. ബയേൺ മ്യൂണിക്കിന്റെ മുന്നേറ്റക്കാരൻ എറിക് മാക്സിം ചുപോ മോട്ടിങ്ങാണ് തുരുപ്പുചീട്ട്. ല്യോണിന്റെ കാൾ ടോകോ എകാംബിയും മുന്നേറ്റത്തിൽ കാമറൂണിന് കരുത്താകും. ഗോൾവലയ്ക്കുകീഴിൽ അയാക്സിന്റെ ആന്ദ്രെ ഒനാനയുമുണ്ട്. യോഗ്യതാ മത്സരങ്ങളിൽ തോൽവിയറിയാതെയാണ് ബുർകിന ടൂർണമെന്റിനെത്തുന്നത്. ആസ്റ്റൺ വില്ലയുടെ മുന്നേറ്റക്കാരൻ ബെർട്രാൻഡ് ട്രായോറെയാണ് സൂപ്പർതാരം. 2017ൽ മൂന്നാംസ്ഥാനം സ്വന്തമാക്കിയതാണ് നേഷൻസ് കപ്പിലെ അവരുടെ എക്കാലത്തെയും മികച്ച പ്രകടനം. യോണ്ടെയിലെ പോൾ ബിയ സ്റ്റേഡിയത്തിലാണ് കാമറൂൺ–-ബുർകിന പോരാട്ടം. കപ്പ് നേട്ടത്തിൽ ഈജിപ്താണ് മുന്നിൽ–- ഏഴുതവണ.