തിരുവനന്തപുരം > സിൽവർ ലൈൻ പദ്ധതിയെ എതിർക്കാൻ ഉയർത്തുന്ന ബദൽ വാദങ്ങൾ നിരർഥകം. നിലവിലെ പാളത്തിന്റെ നവീകരണമാണ് പ്രധാന ബദൽ വാദം. ഇത് നടപ്പാക്കേണ്ടതാകട്ടെ റെയിൽവേയും കേന്ദ്ര സർക്കാരും. തിരുവനന്തപുരം – -മംഗളൂരു പാത ഇരട്ടിപ്പിക്കൽ തുടങ്ങിയിട്ട് 20 വർഷമായി. 19 കിലോമീറ്റർ ഇനിയും അവശേഷിക്കുന്നു. ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനത്തിലേക്കുള്ള മാറ്റം പാത ഇരട്ടിപ്പിക്കലിനേക്കാൾ ദയനീയമാണ്. പാതകൾ നവീകരിച്ചാലും രാജ്യത്തെ മറ്റ് ബ്രോഡ്ഗേജിലെ വേഗം ഇവിടെ സാധ്യമാകില്ല. ഇരട്ടിപ്പിക്കുന്ന പാതയിലും വളവുകളും തിരിവുകളും തുടരും. തിരുവനന്തപുരം–-കാസർകോട് പാതയിൽ 626 വളവുണ്ട്. 36 ശതമാനം ട്രാക്കും വളഞ്ഞാണ്.
നിലവിലുള്ളതിന് സമാന്തരമായി മൂന്നും നാലും പാത ബ്രോഡ്ഗേജിൽ നിർമിക്കുന്നതാണ് മറ്റൊരു ബദൽ നിർദേശം. എന്നാൽ, ഇതിന് പഠനമൊന്നും നടന്നിട്ടില്ല. സാമൂഹ്യ, -പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ പരിശോധിച്ചിട്ടില്ല. ധനകാര്യ വിശകലനവുമുണ്ടായിട്ടില്ല. മുതൽമുടക്കുന്നത് ആരെന്നതിലും തിട്ടമില്ല. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അലംഭാവം കണക്കിലെടുത്തൽ ഇത്തരമൊരു പദ്ധതിക്ക് സാധ്യതയുമില്ല.
കേരളത്തിൽ വേഗം പകുതി
സൂപ്പർ എക്സ്പ്രസ് ടെയിനുകൾക്കും കേരളത്തിലെ വേഗം ശരാശരി മണിക്കൂറിൽ 50 കിലോമീറ്റർ. കേരളത്തിനു പുറത്ത് രാജധാനി എക്സ്പ്രസിന്റെ വേഗം 102 കിലോമീറ്ററാണ്. ഇവിടെ എത്തിയാൽ 57 ആകും.
കേന്ദ്രത്തിന്റെ കണ്ണ് കച്ചവടത്തിൽ
റെയിൽവേ സ്വകാര്യവൽക്കരണത്തിനുള്ള അഴിച്ചുപണികളിലാണ് ബിജെപിയുടെ ഊന്നൽ. കോൺഗ്രസ് നയത്തിന്റെ തുടർച്ചയാണ് ഇത്. ഡൽഹി-–-ആഗ്ര സെക്ടറിൽ 160 കിലോമീറ്റർ വേഗത്തിൽ ഗതിമാൻ എക്സ്പ്രസ് തുടങ്ങി. ഡൽഹി––മുംബൈ, ഡൽഹി–-ഹൗറ സെക്ഷനുകളുടെ വേഗം 130ൽനിന്ന് 160 കിലോമീറ്ററാക്കുന്നു.130 കിലോമീറ്റർ വേഗത്തിൽ ഡൽഹി, മുംബൈ, ചെന്നൈ, ഹൗറ ഗോൾഡൻ ക്വാഡ്രി ലാറ്ററൽ ലൈൻ പരിഗണിക്കുന്നു. ഇവ പൂർത്തിയാക്കി സ്വകാര്യ ട്രെയിനുകൾക്ക് തുറന്നുകൊടുക്കാനാണ് പരിപാടി.