ന്യൂഡൽഹി > പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കർഷകർ തടഞ്ഞ സംഭവത്തിൽ പഞ്ചാബ് ഡിജിപിക്ക് നോട്ടിസ്. കേന്ദ്രസര്ക്കാര് നിയോഗിച്ച അന്വേഷണ സംഘമാണ് സമന്സ് അയച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചിനകം മറുപടി നല്കണം. ഇല്ലെങ്കില് ചട്ടപ്രകാരം നടപടിയുണ്ടാകുമെന്നു കേന്ദ്രസര്ക്കാര് വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ സുരക്ഷയിലുണ്ടായ വീഴ്ചയില് സുപ്രീംകോടതി ഇടപെട്ടിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്ശനവുമായി ബന്ധപ്പെട്ട രേഖകള് ശേഖരിച്ച് സൂക്ഷിക്കാന് പഞ്ചാബ്–ഹരിയാന ഹൈക്കോടതി രജിസ്ട്രാര് ജനറലിനോട് കോടതി നിര്ദേശിച്ചു.
സുരക്ഷാ വീഴ്ചയില് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കുന്നതില് തിങ്കളാഴ്ച വാദം കേള്ക്കും. കേന്ദ്രസര്ക്കാരും പഞ്ചാബ് സര്ക്കാരും പ്രഖ്യാപിച്ച അന്വേഷണം അതുവരെ നിര്ത്തിവയ്ക്കാന് കോടതി നിര്ദേശിച്ചു. പഞ്ചാബിലെ ഫിറോസ്പൂര് സന്ദര്ശന വേളയിലാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹനത്തിന് സുരക്ഷാ വീഴ്ചയുണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്ക് പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലെ വാഹനം തടയുകയായിരുന്നു.