ചേർപ്പ്: ആറാട്ടുപുഴ കരോട്ടുമുറിയിൽ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന രണ്ട് കുട്ടികളെ തെരുവുനായ കടിച്ചു. നായയുടെ കടി ഏൽക്കാതിരിക്കാൻ ഓടിയ പ്ലസ് വൺ വിദ്യാർഥിനിക്ക് വീണ് പരിക്കേറ്റു. ആറാട്ടുപുഴ വീട്ടിൽ സന്തോഷ് കുമാറിന്റെ മകൻ ശ്രേയസ്(നാല്), അവണേക്കാട്ടിൽ വീട്ടിൽ മനോജിന്റെ മകൾ ഗൗരീനന്ദ(അഞ്ച്) എന്നിവർക്കാണ് കടിയേറ്റത്. ചക്കോത്ത് രാമൻകുട്ടിയുടെ മകൾ ദർശന(16)യ്ക്കാണ് വീണ് പരിക്കേറ്റത്.
മുഖത്ത് ഗുരുതരമായി പരിക്കേറ്റ ശ്രേയസ്സ് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്ലാസ്റ്റിക് സർജറി വേണമെന്നാണ് ഡോക്ടർ നിർദേശിച്ചിട്ടുള്ളത്. വ്യാഴാഴ്ച രാത്രിയാണ് ശ്രേയസ്സിന് കടിയേറ്റത്. ശ്രേയസ്സിന്റെ അമ്മായി അനിത നായയുമായി മൽപ്പിടിത്തം നടത്തിയ ശേഷമാണ് കുട്ടിയുടെ കവിളിൽനിന്ന് കടി വിട്ടത്.
വെള്ളിയാഴ്ച രാവിലെയാണ് ഗൗരീനന്ദയ്ക്ക് കടിയേറ്റത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ നായ വരുന്നതു കണ്ട് ഓടിയെങ്കിലും പിന്നാലെയെത്തിയ നായ പുറത്ത് കടിച്ച് ഓടിമറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുത്തിവെപ്പ് നടത്തി. കടിച്ചത് നല്ല വലുപ്പവും ആരോഗ്യവുമുള്ള നാടൻ നായയാണെന്ന് വീട്ടുകാർ പറഞ്ഞു.
പുഴ ഭാഗത്തുനിന്ന് വന്ന ഈ നായയെ കുറച്ചുനാളായി പരിസരത്ത് കാണാറുണ്ടെന്ന് ചേർപ്പ് ബ്ലോക്ക് പഞ്ചായത്തംഗം വിശ്വൻ ചക്കോത്ത് പറഞ്ഞു.
ജില്ലയിലുള്ളത് ആറ് ലക്ഷത്തിലേറെ തെരുവ്നായ്ക്കൾ
കുന്നംകുളം: തെരുവുകളിൽ നായ്ക്കളുടെ വിളയാട്ടം തുടരുകയാണ്. കടിയേൽക്കുന്നവരിൽ കുട്ടികളും മുതിർന്നവരും സ്ത്രീകളുമുണ്ട്. എണ്ണായിരത്തിലേറെ പേരാണ് മെഡിക്കൽ കോളേജിൽ ഒരു വർഷം നായ്ക്കളുടെ കടിയേറ്റ് പ്രതിരോധ കുത്തിവെപ്പെടുക്കാനെത്തുന്നത്. തെരുവുനായ്ക്കളുടെ വംശവർധന തടയാനുള്ള എ.ബി.സി. പദ്ധതി നിലച്ചിട്ട് മാസങ്ങളായി. തദ്ദേശസ്ഥാപനങ്ങളും മൃഗസംരക്ഷണവകുപ്പും ഒഴിഞ്ഞുമാറുമ്പോൾ പൊതുജനമാണ് കുരുക്കിലാകുന്നത്.
2012-ലെ കണക്കുകൾപ്രകാരം രണ്ടര ലക്ഷം തെരുവുനായ്ക്കളാണ് ജില്ലയിലുണ്ടായിരുന്നത്. ഇപ്പോഴത് ആറുലക്ഷത്തിലേറെയാകുമെന്നാണ് വിലയിരുത്തൽ. മൃഗസംരക്ഷണവകുപ്പാണ് വംശവർധന തടയുന്നതിനുള്ള എ.ബി.സി. പദ്ധതി നടത്തിയിരുന്നത്. 2019-ൽ ഇതിന്റെ ചുമതല കുടുംബശ്രീ ജില്ലാമിഷൻ ഏറ്റെടുത്തു. തദ്ദേശ സ്ഥാപനങ്ങൾ വകയിരുത്തുന്ന തുകയ്ക്ക് അനുസരിച്ച് ഓരോ പ്രദേശത്തുനിന്നും തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് അതേ സ്ഥലങ്ങളിൽ തുറന്നുവിടുന്നതായിരുന്നു രീതി. വലിയ തോതിൽ തുക നീക്കിവയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും കഴിഞ്ഞിരുന്നില്ല.
രണ്ടുവർഷത്തിനുള്ളിൽ 20 ശതമാനം നായ്ക്കളെപ്പോലും വന്ധ്യംകരണത്തിന് വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. കുടുംബശ്രീ മിഷന് ദേശീയ മൃഗക്ഷേമ ബോർഡിന്റെ അംഗീകാരമുണ്ടോയെന്നും തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിൽ പരിശീലനം ലഭിച്ചിട്ടുണ്ടോയെന്നും അറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതോടെയാണ് പദ്ധതി താത്കാലികമായി നിർത്തിയത്.
മൃഗസംരക്ഷണവകുപ്പ് ഏറ്റെടുക്കണം
തെരുവുനായ്ക്കളുടെ വംശവർധന തടയുന്നതിന് ഫലപ്രദമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിന് മൃഗസംരക്ഷണവകുപ്പിനാണ് കഴിയുകയെന്ന നിലപാടിലാണ് തദ്ദേശസ്ഥാപനങ്ങൾ. ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും മൃഗാശുപത്രിയും അനുബന്ധസൗകര്യങ്ങളുമുണ്ട്. പ്രതിമാസം നിശ്ചിത എണ്ണം നായ്ക്കളെ വന്ധ്യംകരിക്കാൻ തീരുമാനിച്ചാൽ മതി. ഇതിന് ആവശ്യമായ തുക വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശസ്ഥാപനത്തിന് വകയിരുത്താം. കുടുംബശ്രീ ജില്ലാ മിഷന് ഒരു നായയെ വന്ധ്യംകരിക്കുന്നതിന് 2100 രൂപയാണ് നൽകിയിരുന്നത്. രണ്ടുവകുപ്പുകൾ സംയുക്തമായി പദ്ധതി നടപ്പാക്കുമ്പോൾ ഇത്രയും ചെലവ് വരില്ല.
ദത്തെടുക്കാൻ പ്രോത്സാഹിപ്പിക്കാം
തെരുവുനായ്ക്കളെ സംരക്ഷിക്കുന്നതിന് ഷെൽട്ടർ, അഡോപ്ഷൻ സെന്ററുകൾ, ഫീഡിങ് പോയിന്റുകൾ എന്നിവ നടപ്പാക്കുന്നതിനാണ് തദ്ദേശസ്ഥാപനങ്ങളോട് സംസ്ഥാന അനിമൽ വെൽഫെയർ ബോർഡ് ശുപാർശ ചെയ്യുന്നത്. വിവിധ തദ്ദേശസ്ഥാപനങ്ങളും സന്നദ്ധസംഘടനകളും ദത്തെടുക്കലിനെ പ്രോത്സാഹിപ്പിക്കാൻ രംഗത്തുവരുന്നുണ്ട്. ഇതിനുവേണ്ടി പ്രത്യേകം കേന്ദ്രങ്ങൾ സ്ഥാപിക്കുകയും പ്രത്യേകം അംഗങ്ങളെ ചുമതലപ്പെടുത്തുകയും വേണം.