യോണ്ടെ (കാമറൂൺ)
ആഫ്രിക്കൻ നേഷൻസ് കപ്പിന് നാളെ തുടക്കം. മുഹമ്മദ് സലായും സാദിയോ മാനെയും റിയാദ് മഹ്റെസും ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ അണിനിരക്കുന്ന പുതുവർഷത്തിലെ ആദ്യ ഫുട്ബോൾ വിരുന്ന്. ലോകകപ്പിനുമുമ്പൊരു ആവേശക്കാഴ്ചയൊരുക്കാനാണ് ആഫ്രിക്ക ഒരുങ്ങുന്നത്. കാമറൂണാണ് വേദി.
കോവിഡ് കാരണം കഴിഞ്ഞവർഷത്തെ ടൂർണമെന്റ് മാറ്റിവയ്ക്കുകയായിരുന്നു. ഇക്കുറി ഒമിക്രോൺ വ്യാപനം ചൂണ്ടിക്കാട്ടി മാറ്റിവയ്ക്കണമെന്ന അഭിപ്രായം ഉയർന്നെങ്കിലും ടൂർണമെന്റുമായി മുന്നോട്ടുപോകാനായിരുന്നു ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷന്റെ തീരുമാനം. ഉദ്ഘാടനമത്സരത്തിൽ നാളെ രാത്രി ഒമ്പതരയ്ക്ക് കാമറൂൺ ബുർകിന ഫാസോയെ നേരിടും.
ആകെ 24 ടീമുകളാണ്. നാല് ടീമുകൾ വീതമുള്ള ആറു ഗ്രൂപ്പുകൾ. ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ടു സ്ഥാനക്കാർ പ്രീ ക്വാർട്ടറിലെത്തും. മികച്ച ആദ്യ നാല് മൂന്നാംസ്ഥാനക്കാരും ഇതിനൊപ്പം ചേരും. ഫെബ്രുവരി ആറിനാണ് ഫൈനൽ.
മത്സരങ്ങൾ ഇന്ത്യൻ സമയം വൈകിട്ട് 6.30, രാത്രി 9.30, 12.30.
അൾജീരിയയാണ് നിലവിലെ ചാമ്പ്യൻമാർ. മഹ്റെസ് നയിക്കുന്ന അൾജീരിയ കഴിഞ്ഞ 34 മത്സരങ്ങളിൽ തോറ്റിട്ടില്ല. ഗ്രൂപ്പ് ഇയിൽ ഐവറി കോസ്റ്റാണ് അൾജീരിയയുടെ പ്രധാന എതിരാളി. സെബാസ്റ്റ്യൻ ഹാളെറാണ് ഐവറിയുടെ പ്രധാനതാരം. മാനെയുടെ സെനഗലും കിരീടമോഹത്തിൽ ഇറങ്ങുന്നു. കഴിഞ്ഞ പതിപ്പിലെ റണ്ണറപ്പുകളാണ്.
ഏഴുതവണ ചാമ്പ്യൻമാരായ ഈജിപ്ത് സലായുടെ ചിറകിൽ കുതിക്കാനുള്ള ഒരുക്കത്തിലാണ്. സലാ ഈ സീസണിൽ ഇംഗ്ലീഷ് ക്ലബ് ലിവർപൂളിനായി തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ആതിഥേയരായ കാമറൂൺ, നെെജീരിയ, ഘാന ടീമുകളും രംഗത്തുണ്ട്. ആറാംകിരീടമാണ് കാമറൂണിന്റെ ലക്ഷ്യം. ബയേൺ മ്യൂണിക്കിന്റെ മുന്നേറ്റക്കാരൻ എറിക് മാക്സിം ചുപോ മോട്ടിങ് കാമറൂണിനെ നയിക്കും.
അച്റഫ് ഹക്കീമിയുടെയും ഹക്കീം സിയെക്കും ഉൾപ്പെടുന്ന മൊറോക്കോയും രംഗത്തുണ്ട്. കൊമോറോസ്, ഗാംബിയ ടീമുകളാണ് പുതുമുഖങ്ങൾ.