തിരുവനന്തപുരം
ദേശാഭിമാനി ദിനപത്രത്തിന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാർഷിക വരിക്കാരെ ചേർത്ത് തലസ്ഥാന ജില്ല ഒന്നാം സ്ഥാനത്ത്. മാസവരിക്കാർക്ക് പുറമെ 64,910 പുതിയ വാർഷിക വരിക്കാരെ ചേർത്താണ് തലസ്ഥാന ജനത അധ്വാനവർഗത്തിന്റെ ജിഹ്വയായ ദേശാഭിമാനിയെ ഹൃദയത്തോടുചേർത്ത് ഒന്നാംസ്ഥാനത്ത് എത്തിച്ചത്. തിരുവനന്തപുരത്തെ നമ്പർ വൺ ദിനപത്രമായി ദേശാഭിമാനിയെ ഉയർത്തുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ച സിപിഐ എം ജില്ലാ കമ്മിറ്റിക്കും കൂടുതൽ വരിക്കാരെ ചേർത്ത ജില്ലയിലെ ഏരിയ, ലോക്കൽ കമ്മിറ്റികൾക്കും ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റ് ആദരം നൽകി.
സിപിഐ എം ജില്ലാ ആസ്ഥാനമായ മേട്ടുക്കടയിലെ കാട്ടായിക്കോണം വി ശ്രീധർ സ്മാരകത്തിൽ ആദരസമ്മേളനം വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കോലിയക്കോട് കൃഷ്ണൻ നായർ, കടകംപള്ളി സുരേന്ദ്രൻ, ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി ബി പരമേശ്വരൻ, യൂണിറ്റ് മാനേജർ ഐ സെയ്ഫ്, സിപിഐ എം ദേശാഭിമാനി ലോക്കൽ സെക്രട്ടറി പി അനിൽകുമാർ എന്നിവർ സംസാരിച്ചു.
പാർടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മറുപടി പ്രസംഗം നടത്തി. മന്ത്രി പി രാജീവ് ദേശാഭിമാനിയുടെ ഉപഹാരങ്ങൾ വിതരണം ചെയ്തു. ജില്ലാകമ്മിറ്റിക്കുള്ള ഉപഹാരം സെക്രട്ടറി ആനാവൂർ നാഗപ്പൻ ഏറ്റുവാങ്ങി. ഏറ്റവും കൂടുതൽ വരിക്കാരെ ചേർത്ത ഏരിയ കമ്മിറ്റികൾക്കുള്ള ഉപഹാരം കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ, വഞ്ചിയൂർ ഏരിയ സെക്രട്ടറി സി ലെനിൻ എന്നിവർ ഏറ്റുവാങ്ങി. കൂടുതൽ വാർഷിക വരിക്കാരെ ചേർത്ത ലോക്കൽ കമ്മിറ്റികൾക്കുള്ള ഉപഹാരവും മന്ത്രി സമ്മാനിച്ചു.