തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ബി.എഡ് കോളേജുകളിലെ ഫീസ് വർധനയ്ക്ക് സുപ്രീം കോടതി അനുമതി നൽകി. മെറിറ്റ് സീറ്റിലേക്ക് 45,000-ഉംമാനേജ്മെന്റ് സീറ്റിൽ 60,000-ഉം ഈടാക്കാനാണ് അനുമതി. കോവിഡ് കാരണം നിലവിൽ ഫീസ് വർധിപ്പിക്കാൻ കഴിയില്ലെന്ന സർക്കാർ വാദം കോടതി തള്ളി.
2017-ലെ യുജിസി ചട്ടങ്ങൾ നടപ്പിലാക്കിയതിന് ശേഷം കോളേജുകളുടെ നടത്തിപ്പിന് വലിയ ചെലവു വരുന്നതായി സ്വകാര്യ ബി.എഡ് കോളേജ് അസോസിയേഷനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മനീന്ദർ സിങ്ങുംഅഭിഭാഷകൻ ഹാരിസ് ബീരാനും വാദിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി വി. വേണുവിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗം സമിതിയാണ് സ്വകാര്യ ബി. എഡ് കോളേജുകളിലെ ഫീസ് വർധനയ്ക്കുള്ള ശുപാർശ സർക്കാരിന് കൈമാറിയിരുന്നത്. അതിനാൽ ശുപാർശ നടപ്പിലാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
ജനങ്ങൾ പ്രയാസത്തിൽ കഴിയുന്ന കോവിഡ് കാലത്ത് ഒരു കോഴ്സിനും ഫീസ് വർധിപ്പിക്കരുതെന്നാണ് സർക്കാർ നിലപാടെന്ന് സ്റ്റാൻഡിങ് കോൺസൽ സി. കെ. ശശി വാദിച്ചു. എന്നാൽ ഈ വാദം ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എം. എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് തള്ളി. 2008 മുതൽ സംസ്ഥാനത്തെ സ്വകാര്യ ബി.എഡ് കോളേജുകളിൽ 29,000 രൂപ ആയിരുന്നു ഫീസ്.
Content Highlights: Private Bed college fees – supreme court allows to rise