കോട്ടയം > കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ചത് കാമുകനെ ബ്ലാക്മെയിൽ ചെയ്യാനെന്ന് പൊലീസ്. നീതുവും കളമശ്ശേരി സ്വദേശി ഇബ്രാഹിം ബാദുഷയും പരിചയപ്പെട്ടത് സമൂഹമാധ്യമങ്ങളിലൂടെയാണെന്ന് വെളിപ്പെടുത്തല്. ടിക്ക്ടോക്കിലൂടെയായിരുന്നു ഇവരുടെ പരിചയം. നീതുവിന്റെ ഭർത്താവ് വിദേശത്താണ്. എന്നാൽ ഇത് മറച്ചുവച്ച് വിവാഹമോചിതയെന്നാണ് ഇബ്രാഹിമിനോട് നീതു പറഞ്ഞിരുന്നത്.
നീതു ഗര്ഭിണിയായ വിവരം ഇബ്രാഹിമിനും വിദേശത്തുള്ള ഭര്ത്താവിനും അറിയാമായിരുന്നു. എന്നാല് ഗര്ഭം അലസിപ്പിച്ച കാര്യം ഇബ്രാഹിമില് നിന്ന് മറച്ചുവച്ചു. ഇതിനിടെയാണ് ഇബ്രാഹിം മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തത്. ഇതില് നിന്ന് പിന്തിരിപ്പിക്കാനാണ് ഇബ്രാഹിമിന്റെ കുഞ്ഞാണെന്ന് വിശ്വസിപ്പിക്കാന് കോട്ടയം മെഡിക്കല് കോളേജില് എത്തി കുട്ടിയെ തട്ടിക്കൊണ്ട് പോയത്. പലപ്പോഴായി തന്റെ പക്കല് നിന്ന് പണവും സ്വര്ണവും കൈക്കലാക്കിയിട്ടുണ്ടെന്നും അത് തിരികെ കിട്ടാനുമാണ് ഇത് ചെയ്തതെന്നാണ് നീതു പൊലീസിനോട് പറഞ്ഞത്.
മുൻ ഐടി ജീവനക്കാരിയായ നീതു ഇപ്പോൾ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിലാണ്. സുഹൃത്തും ഒപ്പം ജോലി നോക്കുന്നയാളാണ്. നീതുവിന് ആറുവയസ്സുള്ള ആൺകുഞ്ഞുണ്ട്. എന്നാൽ നീതു പറഞ്ഞ കാര്യങ്ങൾ എല്ലാം പുർണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സുഹൃത്തിനെയും ഒപ്പമിരുത്തി കൂടുതൽ ചോദ്യം ചെയ്താലേ കാര്യങ്ങളുടെ ചുരുളഴിയൂ. ചോദ്യം ചെയ്യലിൽ ആദ്യം പരസ്പര വിരുദ്ധമായി സംസാരിച്ചെങ്കിലും എസ്പിയും ഡിവൈഎസ്പിയും ചേർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. സംഭവത്തിന്റെ നിഗൂഢത പൂർണമായും പുറത്തുവരാൻ കൂടുതൽ അന്വേഷണം വേണ്ടിവരും.